മാക്കേക്കടവില്‍ അപ്രോച്ച് റോഡിന്റെ നീളം കുറക്കാന്‍ ധാരണ

പൂച്ചാക്കല്‍:  തുറവൂര്‍ -പമ്പാ പാതയുടെ ഭാഗമായ മാക്കേക്കടവ്  നേരേകടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മാക്കേക്കടവില്‍ അപ്രോച്ച് റോഡിന്റെ നീളം കുറക്കാന്‍ ധാരണ. പാലം നിര്‍മാണ ആവശ്യത്തിനുള്ള സ്ഥലം ഏറ്റെടുപ്പിലെ ചില തര്‍ക്കങ്ങളില്‍ പരിഹാര ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി മീഡിയേഷനെ നിയോഗിച്ചിരുന്നു.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെയാണ് മീഡിയേഷനായി നിയോഗിച്ചിരിക്കുന്നത്. മീഡിയേഷന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പരാതിയുള്ള സ്ഥലം ഉടമകള്‍, എംഎല്‍എയുടെ പ്രതിനിധി തുടങ്ങിയവര്‍ യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് അപ്രോച്ച് റോഡിന്റെ നീളം കുറക്കാന്‍ ധാരണയായത്. അപ്രോച്ച് റോഡിന്റെ നീളം 113 എന്നത് 73 ആക്കി കുറയ്ക്കും. ഇതോടെ അഞ്ചു സ്ഥലം ഉടമകള്‍ക്ക് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം വിട്ടുനല്‍കല്‍ ഒഴിവാകും. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടി എന്‍ജിനിയര്‍ റിജോ തോമസിന്റ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മാക്കേക്കടവിലെത്തി പുനപരിശോധന നടത്തുകയും മുന്‍പ് സ്ഥാപിച്ച ചില അതിര്‍ത്തി കല്ലുകള്‍ പുതിയ ധാരണപ്രകാരം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
മീഡിയേഷന്‍ തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  ആകെ 27 സ്ഥലം ഉടമകളാണ് സ്ഥലം വിട്ടുനല്‍കേണ്ടിയിരുന്നത്. അതില്‍ അഞ്ചുപേര്‍ ഒഴിവായി. 12 പേര്‍ ഇതിനോടകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. 10 പേര്‍ ഇനിയും നല്‍കാനുണ്ട്.
പാലം നിര്‍മാണത്തിനായി വിട്ടു നല്‍കുന്ന സ്ഥലം, വീട്, കെട്ടിടങ്ങള്‍, മതിലുകള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയ്ക്കു പ്രത്യേകം പ്രത്യേകം നഷ്ടപരിഹാരം നല്‍കുന്നതിനാണ് സര്‍ക്കാരിന്റെ തീരുമാനം.

RELATED STORIES

Share it
Top