മാക്കൂട്ടം ചുരം റോഡ് കര്‍ണാടക റവന്യൂ മന്ത്രി സന്ദര്‍ശിച്ചു

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡും പാലവും തകര്‍ന്ന ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ വി ദേശ്പാണ്ഡെ സന്ദര്‍ശിച്ചു. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വ്യാപക നാശനഷ്ടമാണ് കുടകില്‍ ഉണ്ടായിട്ടുള്ളതെന്നും 10 കോടി രൂപ ഇതിനകം ജില്ലയ്ക്ക് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി ദേവണ്ണ ഇന്ന് കുടകിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മന്ത്രിയുടെ കൂടി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്തിയുമായി ചര്‍ച്ച ചെയ്ത് ദുരന്ത നിവാരണത്തിന് ആവശ്യമായ മുഴുവന്‍ തുകയും അനുവദിക്കും.
മാക്കൂട്ടം ചുരം റോഡിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം വകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടപ്പം നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം വീണമാച്ചയ്യ്, ജില്ലാ കലക്ടര്‍ പി ഐ ശ്രിവിദ്യ, ഡിഎഫ്ഒ(മടിക്കേരി) ജയ, ഡിഎഫ്ഒ(വീരാജ്‌പേട്ട) മറിയ ക്രിസ്തുരാജ്, വീരാജ്‌പേട്ട താലൂക്ക് തഹസില്‍ദാര്‍ ആര്‍ ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു. മാക്കൂട്ടം ബ്രഹ്്മഗിരി വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡും പാലവും തകര്‍ന്നതുമൂലം ചുരം റോഡ് ജുലൈ 12 വരെ അടച്ചിട്ടിരിക്കുകയാണ്.
റോഡില്‍ കടപുഴകിയ നൂറുകണക്കിന് കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. റോഡില്‍ പലയിടത്തും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്നും മണ്ണ് മുഴുവന്‍ മാറ്റിയ ശേഷം സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഡ് വീണ്ടും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയൂ എന്നാണ് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.

RELATED STORIES

Share it
Top