മാക്കൂട്ടം ചുരം റോഡില്‍ സമാന്തര സര്‍വീസ്: യാത്രക്കാര്‍ക്ക് ദുരിതം

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാക്കൂട്ടം അന്തര്‍സംസ്ഥാന പാതയില്‍ രണ്ടുമാസമായി ബസ്സുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനം കാരണം ദിവസയാത്രക്കാര്‍ ദുരിതത്തില്‍. സമാന്തര സര്‍വീസുകള്‍ക്ക് പണം മുടക്കി നടുവൊടിഞ്ഞിരിക്കുകയാണ് ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റ് തൊഴിലുകള്‍ക്കുമായി പോയിവരുന്നവരാണ് ഏറെ കഷ്ടത്തിലായത്.
ഇരിട്ടിയില്‍നിന്ന് 45 രൂപ ചാര്‍ജായി നല്‍കി ബസ്സില്‍ വീരാജ്‌പേട്ടയില്‍ എത്താമായിരുന്നു. ബസ്സുകള്‍ ഓടാതായതോടെ 150 രൂപയാണ് സമാന്തര സര്‍വീസുകാര്‍ ഈടാക്കുന്നത്. തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ഥികളുമാണ് ഇതുമൂലം ഏറെ ദുരിതത്തില്‍. ഒരുമാസത്തോളം പൂര്‍ണമായും അടിച്ചിട്ട റോഡ് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി ഒരുമാസം മുമ്പാണ് ചെറിയ വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. മാക്കൂട്ടം വനത്തിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരംറോഡില്‍ 80തോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചലും നാലിടങ്ങളില്‍ റോഡ് അപകടഭീഷണിയിലുമായിരുന്നു.
റോഡ്് ഒഴുകിപ്പോയ സ്ഥലത്തും വലിയ ഗര്‍ത്തം രൂപംകൊണ്ട ഭാഗങ്ങളിലും കരിങ്കല്ല് പാകിയും മണല്‍ ചാക്കുകള്‍ നിറച്ചുമാണ് ചെറിയ വാഹനങ്ങള്‍ കടന്നുപോവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ ഒരുഭാഗത്തേക്ക് മാത്രം കടന്നുപോവാനുള്ള വീതിയുണ്ടെങ്കിലും അപകടഭീഷണി കണക്കിലെടുത്താണ് കുടക് ജില്ലാ ഭരണകൂടം ബസ്സുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനം ലംഘിച്ച് രാത്രികാലങ്ങളില്‍ ചില  വലിയ വാഹനങ്ങളെ കടത്തിവിടുന്നതായി പരാതിയുണ്ട്. ചുരം റോഡിന്റെ നവീകരണത്തിനായി കര്‍ണാടക പൊതുമരാമത്ത് വകുപ്പ് ആറുകോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല.
അന്തര്‍സംസ്ഥാന പാതയെന്ന പരിഗണനയില്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ചുരം റോഡ് വഴിയുള്ള യാത്രക്കാരില്‍ 80 ശതമാനവും ചരക്കുവാഹനങ്ങളില്‍ 90 ശതമാനവും മലയാളികളും അവരുമായി ബന്ധപ്പെട്ടവരുടേതുമാണ്. ഇത്തരം ഗൗരവമായ അവസ്ഥ മനസ്സിലാക്കിയുള്ള ഉടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.
വലിയ വാഹനങ്ങളെല്ലാം ഇപ്പോള്‍ മാനന്തവാടി-കുട്ട വഴി 100 കിലോമീറ്റലധികം സഞ്ചരിച്ചാണ് പോവുന്നത്. ഇതുമൂലം ഉണ്ടാവുന്ന അധിതബാധ്യത പച്ചക്കറി ഉള്‍പ്പെടെ മൈസൂരു-ബംഗളൂരു ഭാഗങ്ങളില്‍നിന്ന് വരുന്ന സാധനങ്ങളുടെ വിലകളിലും ഉണ്ടാവുന്നുണ്ട്.

RELATED STORIES

Share it
Top