മാക്കൂട്ടം ചുരം റോഡിലെ ഗതാഗത നിരോധനം: പ്രവൃത്തി മന്ദഗതിയില്‍

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്ക് വേഗമില്ല. മാക്കൂട്ടം വനത്തിലെ ഉരുള്‍പൊട്ടലില്‍ റോഡിലെ നാലിടങ്ങളില്‍ വന്‍ വിള്ളലുണ്ടായ പശ്ചാത്തലത്തിലാണ് ജൂലൈ 12 വരെ കുടക് ജില്ലാ ഭരണകൂടം ഗതാഗതം നിരോധിച്ചത്. ഇരുചക്ര വാഹനങ്ങളെ പോലും കടത്തിവിടുന്നില്ല.
തലശ്ശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങള്‍ മാനന്തവാടി-തോല്‍പെട്ടി-കുട്ട-ഹുഡിക്കേരി-ഗോണിക്കുപ്പ-തിത്തിമത്തി റൂട്ടാണ് പകരം ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന, രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ പ്രധാന്യ5ം ഉള്‍ക്കൊണ്ട് ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമം കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അപകടമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. നിലംപൊത്തിയ കൂറ്റന്‍ മരങ്ങള്‍ മാറ്റിയതല്ലാതെ ഇടിഞ്ഞ റോഡിന്റെ ഭാഗങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. റോഡില്‍ അടിഞ്ഞുകൂടിയ ചളി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കാനുള്ള ശ്രമവും ഇല്ല. രണ്ട് മൂന്നുദിവസം കലാവസ്ഥ അനുകൂലമായിട്ടും പ്രവൃത്തികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്. കുടക് ജില്ലാ കലക്ടറും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റവന്യൂമന്ത്രിയും പ്രദേശം സന്ദര്‍ശിച്ച് ദുരന്തത്തിന്റെ നേര്‍ചിത്രം വിലയിരുത്തിയതാണ്. നിരോധനം ഒരുമാസത്തേക്കാണ് പ്രഖ്യാപിച്ചതെങ്കിലും ഒരാഴ്ചയ്ക്കകം ചെറിയ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിടണമെങ്കില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വേണ്ടിവരും. കഴിഞ്ഞ ദിവസം മടിക്കേരിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ 10 ദിവസത്തിനകം ചെറിയ വാഹനങ്ങള്‍ക്കുള്ള പ്രവേശനം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു. മാക്കൂട്ടം ചെറിയ പാലം ബലപ്പെടുത്തുന്ന പ്രവൃത്തി ഇന്നലെ ആരംഭിച്ചിട്ടുണ്ട്. പാലത്തിന്റെയും റോഡിന്റെയും തോടിലേക്ക് ഇടിഞ്ഞ ഭാഗത്ത് മണല്‍ നിറച്ച ചാക്കുകള്‍ സ്ഥാപിച്ച് കല്ലുപാകാനാണ് ശ്രമം. ഈ പ്രവൃത്തി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുന്നാണ് പ്രതീക്ഷ.
മുംമടക്ക്, ഹനുമാന്‍ അമ്പലത്തിന് സമീപം എന്നിവിടങ്ങളില്‍ റോഡിന്റെ അടിഭാഗത്തെ മണ്ണിടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. 50 അടിയിലധികം താഴ്ചയില്‍ ഭിത്തികെട്ടി മണ്ണ് നിറച്ച് ബലപ്പെടുത്തിയാല്‍ മാത്രമേ ഇതുവഴി ചരക്കുവാഹനങ്ങള്‍ക്കും ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കും പോവാന്‍ കഴിയൂ. ഒരുമാസത്തിലധികം നീളുന്ന പ്രവൃത്തി ഇവിടങ്ങളില്‍ വേണ്ടിവരും. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് വ്യത്യസ്ത തലങ്ങളിലെ പ്രവൃത്തികള്‍ ഒന്നായി ടെന്‍ഡര്‍ ചെയ്യാതെ വിവിധ കരാറുകാരെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്.

RELATED STORIES

Share it
Top