മാക്കൂട്ടം ചുരംറോഡ് അപകടമേഖലയാവുന്നു

ഇരിട്ടി: ആറുമാസത്തിനിടെ ഒരേ സ്ഥലത്ത് അമ്പതോളം വാഹനാപകടങ്ങള്‍. അപകടങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവവും. എന്നിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തില്‍ കുട്ടപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഒരു വര്‍ഷത്തിനിടെ കുട്ടപ്പാലം വളവിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍പ്പെട്ട് നൂറിലധികം പേര്‍ക്ക് ഇക്കാലയളവില്‍ അംഗവൈകല്യം സംഭവിച്ചു. എന്നിട്ടും തുടരെയുണ്ടാവുന്ന അപകടങ്ങള്‍ക്കുള്ള കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന പോലും നടത്തുന്നില്ല. ഇന്നലെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും സാരമായ പരിക്കുകളാണ്. ഇതില്‍ രണ്ടുപേരുടെ കൈകാലുകള്‍ ഒടിഞ്ഞു.
ഇവിടെ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് ഒരു ചെറിയ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചതു മാത്രമാണ് മുന്‍കരുതല്‍. അപകടങ്ങളെല്ലാം വാഹനങ്ങള്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുള്ളതാണ്.
ചുരമിറങ്ങി വേഗത്തില്‍ വരുന്ന റോഡില്‍ പൊടുന്നനെ ശ്രദ്ധയില്‍പ്പെടുന്ന കൊടുംവളവാണ്. ഈ വളവ് ശ്രദ്ധയില്‍പ്പെടുംവിധം എവിടെയും സിഗ്നല്‍ ബോര്‍ഡുകളില്ല. റോഡ് നവീകരണം പൂര്‍ത്തിയായതിനാല്‍ ആദ്യമായി ചുരം റോഡിലൂടെ സഞ്ചരിക്കുന്നവര്‍ അപകടമേഖലകള്‍ ശ്രദ്ധിക്കുന്നില്ല. ചുരമിറങ്ങി വരുന്ന വാഹനങ്ങള്‍ പൊടുന്നനെ വളവ് തിരിയുമ്പോഴാണ് നിയന്ത്രണംവിട്ട് കുഴിയിലേക്കു മറിയുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന കാടും അപകടത്തിനിടയാക്കുന്നു.
ശാസ്ത്രീയരീതിയില്‍ വളവ് നിവര്‍ത്തിയും വീതികൂട്ടിയും റോഡരികിലെ കുഴി നികത്തിയുമുള്ള നടപടിയാണ് ആവശ്യം. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അപകടത്തില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ചുരം റോഡിലൂടെയുള്ള യാത്രക്കാരില്‍ 80 ശതമാനവും മലയാളികളായതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ അനിവാര്യമാണ്.

RELATED STORIES

Share it
Top