മാക്കൂട്ടം ചുരംറോഡില്‍ ഗതാഗത പുനസ്ഥാപന പ്രവൃത്തി തുടങ്ങി

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇന്നലെ മടിക്കേരി പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിനയ്കുമാറിന്റെ  നേതൃത്വത്തില്‍ ഉന്നതസംഘം മാക്കൂട്ടം ചുരംറോഡ് സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തി. ഒരാഴ്ചക്കം ചെറുവാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാനാവുമെന്നും ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഒരുമാസത്തിന് ശേഷം കടത്തിവിടാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി വിനയ്കുമാര്‍ പറഞ്ഞു.
മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡില്‍ നാലിടങ്ങളില്‍ വന്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നാണ് ജൂലൈ 12 വരെ കുടക് ജില്ലാ ഭരണകൂടം ഗതാഗതനിരോധനം ഏര്‍പ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളെ പോലും കടത്തിവിടുന്നില്ല. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന, രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ പ്രധാന്യം കണക്കിലെടുത്ത് ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ചര്‍ച്ച നടത്തുകയുണ്ടായി.
മഴവെള്ള പാച്ചിലില്‍ റോഡില്‍ കടപുഴകിയ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അതിനിടെ, തകര്‍ന്ന റോഡ് ജനതാദള്‍ കുടക് ജില്ലാ പ്രസിഡന്റ് സങ്കേത് പൂവയ്യ സന്ദര്‍ശിച്ചു. പാതയില്‍ ഇടക്കിടെയുണ്ടാവുന്ന ഗതാഗതതടസ്സം ഒഴിവാക്കാന്‍ ശാശ്വത നടപടി വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top