മാക്കൂട്ടം ഉരുള്‍പൊട്ടല്‍: ഇരിട്ടി-വീരാജ്‌പേട്ട പാത അടച്ചു

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാത ജൂലൈ 12 വരെ അടച്ചിട്ടു. മാക്കൂട്ടം ബ്രഹ്്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടന്നുള്ള മലവെള്ളപാച്ചലില്‍ ചുരം റോഡില്‍ മൂന്നിടങ്ങളിലുണ്ടായ വിള്ളലിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. മാക്കൂട്ടം ചെറിയപാലം, മെതിയടിപാറയില്‍ ഹനുമാന്‍ അമ്പലത്തിന് സമീപം, മേമനക്കൊല്ലി എന്നിവടങ്ങളിലാണ് റോഡ് അപകടഭീഷണിയിലായത്. കൂറ്റന്‍ മരങ്ങള്‍ വന്നിടിച്ചും മണ്ണിടഞ്ഞും വെള്ളം റോഡിന് മുകളിലൂടെ മണിക്കൂറുകളോളം കരകവിഞ്ഞ് ഒഴുകിയതുമൂലം അടിത്തറ ഇളകിയുമാണ് റോഡ് അപകടത്തിലായത്. കൂടാതെ നിരവധി സ്ഥലങ്ങളില്‍ 50ലേറെ കൂറ്റന്‍ മരങ്ങളും റോഡില്‍ കിടക്കുകയാണ്. ഇടയ്ക്കിടെ മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. സൈന്യം ഇറങ്ങി മാക്കൂട്ടം തോടിന് സമീപത്തെ കൂറ്റന്‍ മരങ്ങള്‍ നീക്കിയെങ്കിലും പാലം അപകടത്തിലാണ്. കൂര്‍ഗ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീവിദ്യയുടെ നേതൃത്വത്തില്‍ ഉന്നത തല കര്‍ണാടക പൊതുമരാമത്ത് സംഘം അപകട സ്ഥലം സന്ദര്‍ശിച്ച് റോഡിന്റെ സുരക്ഷ പരിശോധിച്ച ശേഷമാണ് റോഡ് അടച്ചിടാന്‍ ഉത്തരവിട്ടത്. മാക്കൂട്ടം ചെറിയപാലം ബലപ്പെടുത്തിയും വിള്ളല്‍ വീണ റോഡ് കല്ലുകള്‍ പാകിയും മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാവൂ. ചുരം റോഡ് അടച്ചത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നു ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് ചരക്കുലോറികളുമാണ് കടന്നുപോവുന്നത്. ഇതുവഴിയുള്ള ഗതാഗതം നിലച്ചതോടെ മാനന്തവാടി വഴി തിത്തിമത്തി പാലം വഴി ഗോണിക്കുപ്പയിലൂടെ വേണം മൈസൂരുവിലേക്കു പോവാന്‍. ഇന്നലെ കുടകിലുണ്ടായ കനത്ത മഴയില്‍ വൈകീട്ട് നാലോടെ തിത്തിമത്തി പാലം ഇടിഞ്ഞതോടെ മൈസൂരുവിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി. കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടി-കുട്ട വഴി വീരാജ്‌പേട്ട-കുശാല്‍ നഗര്‍ വഴി വേണം മൈസൂരിലെത്താന്‍.

RELATED STORIES

Share it
Top