മാംസ നിരോധനം ; കേന്ദ്ര മാര്‍ഗരേഖയ്‌ക്കെതിരേ ഐഎംഎകെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഗര്‍ഭിണികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ മാര്‍ഗരേഖ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള സംസ്ഥാനഘടകം ഭാരവാഹികളും വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഈ മാര്‍ഗരേഖ ഉടന്‍ പിന്‍വലിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണികളുടെ സംരക്ഷണത്തിനെന്ന പേരിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഏതാനും ദിവസം മുമ്പ് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചത്.  നല്ല കുട്ടിയുണ്ടാവാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട ആരോഗ്യ മാര്‍ഗരേഖകള്‍ ആരും പിന്തുടരരുതെന്ന് ഐഎംഎ ഇതിനകം പരസ്യപ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. പോഷകങ്ങള്‍ വലിയ സാമ്പത്തിക ചെലവില്ലാതെ ലഭിക്കാനുള്ള ഏകമാര്‍ഗം മാംസം മാത്രമാണ്. കാട്ടിലെ മാംസം തടയപ്പെടുകയും നാട്ടില്‍ വന്ന് മാംസം ശേഖരിക്കാന്‍ കഴിയാതാവുകയും ചെയ്തത് ആദിവാസികളിലും വിശിഷ്യ ഗര്‍ഭിണികളിലും കുട്ടികളിലും മാരക രോഗങ്ങള്‍ കൂടുതലായി പടര്‍ന്നുപിടിക്കാന്‍ കാരണമായി. ഇക്കാര്യം ഡോ. ഖദീജ മുംതാസ്, ഡോ. ടി നാരായണന്‍, ഡോ. ബി ഇഖ്ബാല്‍ എന്നീ വിദഗ്ധ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ ഉന്നയിച്ചുകഴിഞ്ഞു. ഗര്‍ഭിണികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അമ്മയ്ക്കും കുട്ടിക്കും ഹാനികരമാണെന്ന കേന്ദ്ര മാര്‍ഗരേഖയിലെ പരാമര്‍ശങ്ങളും ശരിയല്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ആരോഗ്യ ഗവേഷണ പ്രബന്ധങ്ങള്‍ ഉദ്ധരിച്ചു വ്യക്തമാക്കുന്നത്. സസ്യാഹാരത്തിലേ—ക്ക് മാറണമെന്ന അഭിപ്രായത്തിന് ശാസ്ത്രീയാടിത്തറയില്ലെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ തെളിവു സഹിതം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യരംഗത്തെ ഏറ്റവും വലിയ സംഘടനയായ ഐഎംഎ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കെതിരേ രംഗത്തുവന്നത് ആരോഗ്യമന്ത്രാലയത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ എതിര്‍പ്പ് മറികടന്ന് ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

RELATED STORIES

Share it
Top