മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്: നൊണ മികച്ച നാടകം

കൊടുവള്ളി:  മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡില്‍ കൊടുവള്ളി ബ്ലാക്ക് തിയറ്ററിന്റെ ‘'നൊണ'’ മികച്ച നാടകമടക്കം. നാടകം നാല് അവാര്‍ഡുകള്‍ നേടി.  ഡല്‍ഹിയില്‍ നടന്ന നാടകാവതരണത്തില്‍ മികച്ച സംവിധായകന്‍, മികച്ച സ്റ്റേജ് ഡിസൈന്‍, മികച്ച ലൈറ്റ് ഡിസൈന്‍ എന്നിവയാണ് ‘നൊണക്ക് ലഭിച്ച മറ്റ് അവാര്‍ഡുകള്‍. ഡല്‍ഹി താജ് ഹോട്ടലില്‍ നടന്ന അവാര്‍ഡ് നിശയിലാണ് പുരസ്—കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കൊടുവള്ളി കേന്ദ്രമായി ആരംഭിച്ച ബ്ലാക്ക് തിയറ്ററിന്റെ ആദ്യനാടകമാണ് നൊണ. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ജിനോ ജോസഫാണ് ‘നൊണയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ‘നൊണ’യിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതോടെ ദേശീയ നാടക രംഗത്തെ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുകയാണ് ജിനോ ജോസഫ്. കാഴ്ചക്കാരെ വിസ്മയിപ്പിച്ച നാടകത്തിന്റ മികച്ച സ്റ്റേജ് ഡിസൈന്‍ ചെയ്തതും സംവിധായകന്‍ തന്നെയാണ്. ലൈറ്റ് ഡിസൈനിന് പി ടി ആബിദിനും സജാസ് റഹ്മാനുമാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച രംഗ സംവിധാനം, മികച്ച ദീപ വിതാനം തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് നാടകം നോമിനേഷന്‍ നേടിയത്. ഇതില്‍ നാലിനത്തിലും നാടകം പുരസ്—കാരം നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജൂറിക്ക് മുമ്പിലെത്തിയ 350 നാടകങ്ങളില്‍ നിന്ന് അവസാന പത്തിലേക്ക് അദ്യം തിരഞ്ഞെടുക്കപ്പെട്ട നാടകം ‘നൊണആണെന്നതും ശ്രദ്ധേയമായി. നാല്‍പ്പതോളം ആളുകള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന നാടകത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്. അഭിനേതാക്കളോടൊപ്പം വളര്‍ത്തുകോഴികളും അരങ്ങില്‍ എത്തുന്നുവെന്ന പ്രത്യേകതയും നാടകത്തിനുണ്ട്. രംഗ സജ്ജീകരണത്തിലും പ്രകാശ-ശബ്ദ വിന്യാസത്തിലും ഏറെ പുതുമകളാണ് നാടകം കാഴ്ചവെച്ചത്.ഗോവിന്ദന്‍ എന്ന തൊഴിലാളിയായ നാട്ടിന്‍പുറത്തുകാരന്റെ വീട്ടുമുറ്റത്ത് മകന്‍ പ്രശാന്തന്‍ വരച്ചിടുന്ന ഇന്ത്യയുടെ ഭൂപടം ഉണര്‍ത്തുന്ന കൗതുകവും ആശങ്കകളും ഭീകരതയുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഫാസിസവും ഭരണകൂട ഭീകരതയും കപട ദേശീയതയും ജാതീയതയും ലളിതമായ ജീവിത രംഗങ്ങളിലൂടെയും കാഴ്ചകളുടെ വര്‍ണലോകത്തിലൂടെയും അരങ്ങിനെ സമ്പന്നമാക്കിയ ‘നൊണ’ അവതരിപ്പിക്കപ്പെട്ട വേദികളിലെല്ലാം പ്രേക്ഷക പ്രശംസ നേടി.
മിഥുന്‍ മുസാഫര്‍, എ കെ ഷാജി, സുധി പാനൂര്‍, പ്രകാശന്‍ വെള്ളച്ചാല്‍, കെ എസ് പ്രിയ, ടി പി അനില്‍കുമാര്‍, അനഘ് കക്കോത്ത്, കെ കെ അരുണ്‍, പി രാജീവ്കുമാര്‍, അശ്വതി, എ കെ അമല്‍, എ പി അബിന്‍, പി സി ഷാജി, എ ബാബു, പി സജിത്ത്, ബിനോയ്, അക്ഷയ് സുനില്‍, ദിനിത്ത് കാര്‍ത്തിക്, നീതു, അതുല്യ, ആരതി, ദേവിക സുനില്‍, ഹര്‍ഷദാസ് തുടങ്ങിയവരാണ് അരങ്ങിലെത്തുന്നത്.പി പ്രദീപ്, ലിബിന്‍ അജയഘോഷ്, എ കെ ജോബിഷ്, എം ടി സനൂപ്, പി ബിനീഷ്, കെ അഭിലാഷ്, എ പി സനൂപ് , പി ശബരീശന്‍, ടി കെ ഷാരോണ്‍, ലെനിന്‍ദാസ്, പി രാജേഷ് കുമാര്‍, എന്‍ ആര്‍ റിനീഷ്, ദീപ ദിവാകര്‍ അരങ്ങിനെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍ ചെയര്‍മാനും കൊടുവള്ളി മുന്‍സിപ്പല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബാബു കണ്‍വീനറുമായി ഒ പുഷ്പന്‍ ട്രഷററുമായി രൂപീകരിച്ച ബ്ലാക്ക് തിയറ്റേഴ്‌സിന്റെ ആദ്യ നാടകംതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ നാടകോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞൈടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംഘാടകരും നാട്ടുകാരും.മെയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ വടകര മണിയൂരില്‍ നാടകം സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു. മെയ് 9ന് കാസര്‍കോട് ടൗണ്‍ഹാളിലും നൊണ അരങ്ങേറും.

RELATED STORIES

Share it
Top