മഹാരാഷ്ട്ര സംഘര്‍ഷം: ജിഗ്‌നേഷ് മെവാനിക്കെതിരേ കേസെടുത്തു

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന ദലിത് മറാത്ത സംഘര്‍ഷത്തിന്റെ ഉത്തരവാദികള്‍ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനിയും ജെഎന്‍യു ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദുമാണെന്ന പരാതിയില്‍ പൂനെ പോലിസ് കേസെടുത്തു. പൂനെയിലെ അക്ഷയ് ബിക്കാദ്,അനന്ത് ദോന്ത് എന്നീ യുവാക്കളാണ് പരാതി നല്‍കിയത്.
പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്‌നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.ജനങ്ങളോട് തെരുവിലിറങ്ങാനും തിരിച്ചടിക്കാനും അദ്ദേഹം ജനങ്ങളെ പ്രകോപിപ്പിച്ചു. ഈ പ്രസ്താവന കാരണം ജനങ്ങള്‍ തെരുവിലിറങ്ങുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
അതിനിടെ, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും വിദ്യാര്‍ഥികളുടെ പരിപാടിയില്‍ പ്രസംഗിക്കുന്നതിന് പോലിസ് വിലക്കേര്‍പ്പെടുത്തി വിദ്യാര്‍ഥി സംഘടനയായ ഛന്ദ്ര ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനാണ് വിലക്ക്. പരിപാടിക്കെത്തിയ വിദ്യാര്‍ഥികളെ പോലിസ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top