മഹാരാഷ്ട്ര: അവിശ്വാസം മറികടക്കാന്‍ വിശ്വാസപ്രമേയം

ഭോപാല്‍: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിബാവു ബാഗ്‌ദെയില്‍ക്കെതിരേ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും എന്‍സിപിയും  നല്‍കിയ അവിശ്വാസ പ്രമേയം മറികടക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശ്വാസപ്രമേയം അവതരിപ്പിച്ചു. സ്പീക്കര്‍ ഹരിബാവു ബാഗ്‌ദെയില്‍ സഭ വിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരിയാണ് പ്രമേയത്തിലുള്ളത്. ശബ്ദവോട്ടോടെയാണ് സഭ പ്രമേയം പാസാക്കിയത്. മഹാരാഷ്ട്രാ പൊതുമരാമത്ത് മന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയാണ് പ്രമേയത്തെ പിന്താങ്ങിയത്.
പ്രതിപക്ഷത്തിന്റെ പ്രമേയത്തെ മറികടക്കാനാണ് സര്‍ക്കാര്‍ വിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയം പാസാക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. സഭാ നടപടികളില്‍ സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണു പ്രതിപക്ഷം അദ്ദേഹത്തിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നു പ്രതിപക്ഷവും കഴിഞ്ഞ രണ്ടു ദിവസമായി ആവശ്യപ്പെട്ടു വരികയായിരുന്നു. അതേസമയം, വിശ്വാസപ്രമേയം പാസാക്കിയത് ജനാധിപത്യത്തിന്‍മേലുള്ള പ്രഹരമാണെന്നു കോണ്‍ഗ്രസ്സും എന്‍സിപിയും ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിനെ കണ്ട് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന നിവേദനവും നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top