മഹാരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടക വിജയ് ഹസാരെ ട്രോഫി ഫൈനലില്‍


ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കര്‍ണാടക ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ കരുത്തരായ മഹാരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലിലേക്ക് പറന്നത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 44.3 ഓവറില്‍ 160 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കര്‍ണാടക 30.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റെയും (81), കരുണ്‍ നായരുടെയും (70*) ബാറ്റിങാണ് കര്‍ണാടകയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട മഹാരാഷ്ട്ര നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രീകാന്ത് മുന്തെയ്ക്കും (50) നൗഷാദ് ഷെയിഖിനും (42)ക്കും മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ആറ് മഹാരാഷ്ട്ര താരങ്ങളാണ് രണ്ടക്കം കാണാനാവാതെ കൂടാരം കയറിയത്. കര്‍ണാടകയ്ക്ക് വേണ്ടി കൃഷ്ണപ്പ ഗൗതം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രസിഥ് കൃഷ്ണ രണ്ട് വിക്കറ്റും അക്കൗണ്ടിലാക്കി. 161 എന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് വേണ്ടി ഓപണര്‍മാരായ അഗര്‍വാളും കരുണ്‍ നായരും തിളങ്ങിയതോടെ അനായാസം ടീം വിജയം കണ്ടു. അഗര്‍വാള്‍ 86 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ 90 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികള്‍ കരുണ്‍ നായരും അക്കൗണ്ടിലാക്കി. രവികുമാര്‍ സമര്‍ഥ് (3*) പുറത്താവാതെ നിന്നു. നാളെ ആന്ധ്രാപ്രദേശും, സൗരാഷ്ട്രയും തമ്മില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളെ 27 ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കര്‍ണാടക നേരിടും.

RELATED STORIES

Share it
Top