മഹാരാഷ്ട്രയില്‍ ബോട്ടപകടം; നാലു വിദ്യാര്‍ഥികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി നാലു കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ ദഹാനു കടല്‍ത്തീരത്താണ് അപകടമുണ്ടായത്. അപകടത്തില്‍ നാലു കുട്ടികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പല്‍ഗാര്‍ ജില്ലാ പോലിസ് മേധാവി മഞ്ജുനാഥ് സിന്‍ഗെ അറിയിച്ചു.
40 വിദ്യാര്‍ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 32 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായ കുട്ടികള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. തീരത്തുനിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. ദാമനില്‍ നിന്ന് ഹെലികോപ്റ്ററുകളും തിരച്ചിലിനായി വിന്യസിച്ചു.
ദഹാനുവിലെ കെഎല്‍ പോണ്ട സ്‌കൂളിലെയും പര്‍നകാ ജൂനിയര്‍ കോളജിലെയും വിദ്യാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.
വിനോദയാത്രയുടെ ഭാഗമായി ബോട്ട് യാത്ര നടത്തിയപ്പോഴായിരുന്നു അപകടം. ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് കുട്ടികള്‍ ബോട്ടില്‍ യാത്ര ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

RELATED STORIES

Share it
Top