മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 5004 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ തന്നെ 41 ശതമാനം പേര്‍ ഗുരുതര രീതിയില്‍ രോഗം ബാധിച്ചവരാണ്. ഗുരുതരമായി രോഗം ബാധിച്ചവരില്‍ 11 ശതമാനവും കുട്ടികളാണ്.ദേശവ്യാപകമായി കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്തതിന്റെ പ്രഖ്യാപനം പുറത്തുവന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ രോഗബാധ വര്‍ധിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാല്‍ഘട്ട് ജില്ലയിലാണ് രോഗബാധ കൂടുതല്‍. 514 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഗട്ചിരോളി ജില്ലയില്‍ 345 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപോര്‍ട്ടുകളുണ്ട്. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല, രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഇത്തരക്കാരില്‍ വളരെ കൂടുതലായിരിക്കുമെന്നു കുഷ്ഠരോഗ പ്രതിരോധ പദ്ധതി ബോംബെ ലെപ്രസി പ്രൊജക്റ്റിന്റെ സ്ഥാപകനായ ഡോ. വിവേക് പൈ പറഞ്ഞു. മുതിര്‍ന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാല്‍ കുട്ടികളില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ സംസ്ഥാനത്ത് പുതുതായി 4134 പേരെ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top