മഹാരാഷ്ട്രയിലെ ദലിത് വിരുദ്ധ അക്രമങ്ങളില്‍ പ്രതിഷേധിക്കണം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ദലിത് വിഭാഗങ്ങള്‍ക്കുനേരെ നടന്ന അക്രമത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അപലപിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കു നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന സവര്‍ണ ഹിന്ദുത്വ നിലപാടുകളിലും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ സമീപനത്തിലും വ്യാപക പ്രതിഷേധം ഉയര്‍ന്നുവരണം.200 കൊല്ലം മുമ്പ് സവര്‍ണ മേധാവിത്വത്തിന്റെ പൈശാചിക നിലപാടുകളോടുള്ള പ്രതിഷേധം അണപൊട്ടിയൊഴുകിയതിന്റെ ഭാഗമായാണ് ദലിതര്‍ ഭീമ കൊരേഗധ് യുദ്ധത്തില്‍ പങ്കാളികളായത്. ഇതിന്റെ ഓര്‍മപുതുക്കല്‍ ആ ജനത കാലങ്ങളായി നടത്തിവരുന്നതുമാണ്. എല്ലാ ഹിന്ദുക്കളുടെയും സംരക്ഷകരാണെന്നു പറയുന്ന സംഘപരിവാരം മഹാരാഷ്ട്രയും കേന്ദ്രവും ഭരിക്കുമ്പോഴാണ് അംബേദ്കറുടെ നാട്ടില്‍ ദലിത് ജനവിഭാഗങ്ങള്‍ക്കു നേരെ ഈ കാടത്തം അരങ്ങേറിയിരിക്കുന്നത്. സംഘപരിവാരത്തിന്റെയും മോദിയുടെയുമെല്ലാം വര്‍ത്തമാനങ്ങളില്‍ നിറയുന്ന ഹിന്ദുക്കളില്‍ ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നേയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഈ കാപട്യത്തെ തിരിച്ചറിയാന്‍ അവിടങ്ങളില്‍ ജനങ്ങള്‍ തയ്യാറാവുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. സംഭവത്തില്‍ ജിഗ്നേഷ് മേവാനി അടക്കമുള്ളവരെ തടയുകയും കേസെടുക്കുകയും ചെയ്ത നടപടി അപലപനീയമാണ്. ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു നേരെ സംഘപരിവാരത്തിന്റെ പിന്തുണയോടെ മഹാരാഷ്ട്രയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അരങ്ങേറുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ സിപിഐ ശക്തിയായി പ്രതിഷേധിക്കുന്നതായി കാനം പറഞ്ഞു.

RELATED STORIES

Share it
Top