മഹാരാജാസ് സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം: കാംപസ് ഫ്രണ്ട്
ajay G.A.G2018-07-05T20:27:53+05:30

കോഴിക്കോട്: മഹാരാജാസ് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെയും അനിഷ്ട സംഭവങ്ങളുടെയും ദുരൂഹത നീക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍
പുറത്തുവിടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജിന് പുറത്ത് കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവ് മരണപ്പെട്ടത് ദുരൂഹമാണ്.
സംഭവത്തെ സംബന്ധിച്ച അന്വേഷണത്തില്‍
വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ അഭിമന്യുവിന്റെ നേതൃത്വത്തില്‍ നൂറിലധികം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്ന വാര്‍ത്തയാണ് ആദ്യ ദിവസം മാധ്യമങ്ങളില്‍ വന്നത്. ഇതിനിടയിലാണ് കൊലപാതകം നടന്നിട്ടുള്ളത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറാവണം.
മരണപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷിക്കണം. കോളേജില്‍ വരാന്‍ നിശ്ചയിച്ച ദിവസത്തിന്റെ തലേ ദിവസം തന്നെ അഭിമന്യുവിനെ വിളിച്ചുവരുത്തിയെന്നും എന്നിട്ടാണ് കൊലപ്പെടുത്തിയതെന്നുമാണ് അഭിമന്യുവിന്റെ സഹോദരന് അടക്കമുള്ള ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മരണപ്പെടുന്നതിന് മുമ്പ് തുടര്‍ച്ചയായി അഭിമന്യുവിനെ ഫോണില്‍ കോളജിലേക്ക്
വിളിച്ചുവരുത്തിയതാരാണെന്ന് പോലിസ് പുറത്തുകൊണ്ടുവരണം.
ദുരൂഹമായ കാര്യങ്ങളൊന്നും അന്വേഷിക്കാതെ കാംപസ് ഫ്രണ്ടിനെതിരെ ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതില്‍ നിന്നും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും പിന്മാറണം.
സംസ്ഥാനത്തുടനീളം കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ അനാവശ്യമായി
കടന്നുചെന്ന് ഭീതി സൃഷ്ടിക്കുന്ന രീതി പോലിസ് അവസാനിപ്പിക്കണം. സംഭവത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് എസ്എഫ്ഐ നടത്തികൊണ്ടിരിക്കുന്നത്. അധികാരം ഉപയോഗിച്ച് കാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തടയിടാനുള്ള സിപിഎം അജണ്ടയാണ് പോലീസ് ഭീകരതയിലൂടെ വെളിവാകുന്നത്. ഇത് അത്യന്തം
അപലപനീയമാണ്. പാര്‍ട്ടി സര്‍ക്കുലര്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേട് കേരള പൊലീസിന് നാണക്കേടാണ്. അതില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ കാംപസ് ഫ്രണ്ടിന്റെ ഇടപെടലും സമരങ്ങളും വിദ്യാര്‍ഥികള്‍ക്കിടയിലെ സ്വാധീനവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
കലാലയ രാഷ്ട്രീയത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന ഇടപെടലുകള്‍ കാംപസ് ഫ്രണ്ട് നടത്താറില്ല. എസ്എഫ്ഐ നടത്തുന്ന കുപ്രചാരണങ്ങള്‍കൊണ്ട് കാംപസ് ഫ്രണ്ടിനെ തകര്‍ക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച്
അബ്ദുല്‍ഹാദി അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍,
വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം, സെക്രട്ടറി സി പി അജ്മല്‍,ഖജാഞ്ചി ഷെഫീഖ് കല്ലായി സംസ്ഥാന സമിതിയംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, ഫായിസ് കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.