മഹാരാജാസ് സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം: കാംപസ് ഫ്രണ്ട്‌; ബന്ധുക്കളുടെ വെളിപ്പെടുത്തലും അന്വേഷിക്കണം

കോഴിക്കോട്: മഹാരാജാസ് കോളജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെയും അനിഷ്ഠസംഭവങ്ങളുടെയും ദുരൂഹത നീക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോളജിന് പുറത്ത് കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവ് മരണപ്പെട്ടത് ദുരൂഹമാണ്.
സംഭവത്തെ സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ അഭിമന്യുവിന്റെ നേതൃത്വത്തില്‍ 400ലധികം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്ന വാര്‍ത്തയാണ് ആദ്യ ദിവസം മാധ്യമങ്ങളില്‍ വന്നത്.
ഇതിനിടയിലാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതുകൊണ്ടുതന്നെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാവണം.
മരണപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷിക്കണം. കോളജില്‍ വരാന്‍ നിശ്ചയിച്ച ദിവസത്തിന്റെ തലേദിവസം തന്നെ അഭിമന്യുവിനെ വിളിച്ചുവരുത്തിയെന്നും എന്നിട്ടാണ് കൊലപ്പെടുത്തിയതെന്നുമാണ് അഭിമന്യുവിന്റെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മരണപ്പെടുന്നതിന് മുമ്പ് തുടര്‍ച്ചയായി അഭിമന്യുവിനെ ഫോണില്‍ കോളജിലേക്ക് വിളിച്ചുവരുത്തിയതാരാണെന്ന് പോലിസ് പുറത്തുകൊണ്ടുവരണം. സംസ്ഥാനത്തുടനീളം കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് ഭീതി സൃഷ്ടിക്കുന്നത് പോലിസ് അവസാനിപ്പിക്കണം.
സംഭവത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് എസ്എഫ്‌ഐ നടത്തുന്നത്. പാര്‍ട്ടി സര്‍ക്കുലര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പിന്‍മാറണം.
എസ്എഫ്‌ഐ നടത്തുന്ന കുപ്രചാരണങ്ങള്‍കൊണ്ട് കാംപസ് ഫ്രണ്ടിനെ തകര്‍ക്കാനാവില്ലെന്നും സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ഹാദി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top