മഹാരാജാസ് കോളജ് സംഭവം: യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരണം; എസ്ഡിപിഐ

പത്തനംതിട്ട: സിപിഎം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സംസ്ഥാനത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം ആരോപിച്ചു.
മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലിസ് തയ്യാറാവണം. കോളജിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍  സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തു വരും. ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് തയ്യാറാകാത്തത് ദുരൂഹമാണ്.
സിപിഎമ്മിന്റെ ചട്ടുകമായി പോലിസ് പ്രവര്‍ത്തിക്കുകയാണ്. ഇത് നിയമത്തോടുള്ള വെല്ലുവിളിയാണണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം തിരുവല്ല അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് അനീഷ്, ഷറഫ് കുമ്മണ്ണൂര്‍, ഖജാന്‍ജി റിയാഷ് കുമ്മണ്ണൂര്‍, സിനാജ് കോട്ടാങ്ങല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top