മഹാത്മജിയുടെ 150ാം പിറന്നാള്‍ ആഘോഷം; നാലു ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന് രൂപീകരിച്ച ഉന്നതതല കമ്മറ്റിയുടെ പ്രഥമ യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയൊഴിച്ച് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല.
കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണു യോഗത്തില്‍ എത്താതിരുന്നത്. മറ്റ് ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണു യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണു വിശദീകരണം.
ചൊവ്വാഴ്ച വൈകീട്ടാണ് ആന്ധ്രാ ഭവനില്‍ ക്ഷണം കിട്ടിയതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മാധ്യമ വിഭാഗം അറിയിച്ചു.
ബുധനാഴ്ച മന്ത്രിസഭാ യോഗമുള്ളതിനാലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താതിരുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി യോഗത്തിനെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
മഹാത്മാജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനു രാജ്യത്തെ മുഖ്യമന്ത്രിമാരും മറ്റുമടങ്ങുന്ന 115 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്.

RELATED STORIES

Share it
Top