മഹാഗണിത്തൈകള്‍ ജലവിതാനത്തിന് ദോഷം ചെയ്യുമെന്ന് ആക്ഷേപംസലീം എരവത്തൂര്‍

മാള: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് വിതരണം ചെയ്യുന്ന വൃക്ഷതൈകളില്‍ ബഹുഭൂരിപക്ഷവും മഹാഗണി വൃക്ഷ തൈകള്‍. ഔഷധ മൂല്യമുള്ള വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം നിലനില്‍ക്കേയാണ് ഇത്. ഇന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ഒരു കോടി മരതൈകള്‍ വെച്ചു പിടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഔഷധമൂല്യമുള്ള വൃക്ഷത്തൈകള്‍ക്ക് പകരം മഹാഗണി പോലുള്ള തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടെ ഭൂമിയിലെ ഭൂരിഭാഗം ജലവും ഇവ ഊറ്റിയെടുത്ത് ജലവിതാനം താഴ്ത്താന്‍ കാരണമാകുന്നതാണ്. അതില്‍ ഏറ്റവും കൂടുതലായുള്ളത് മഹാഗണി തൈകളാണ്. എന്നും തഴച്ച് വളര്‍ന്ന് ഹരിതാപമായി നില്‍ക്കുന്ന മരമാണ് മഹാഗണി മരം. മുന്‍കാലങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം വെച്ചു പിടിപ്പിക്കപ്പെട്ട് വളര്‍ന്ന് നില്‍ക്കുന്നതാണ് മാഞ്ചിയം, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍. ഏറ്റവും കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്നതാണിവ. ഇക്കൂട്ടത്തില്‍പെടുത്താവുന്നതാണ് മഹാഗണി മരം. കേരളത്തിലെ ഭൂഗര്‍ഭ ജലം ക്രമാതീതമായി താഴ്ന്ന് പോകാനുള്ള കാരണങ്ങളില്‍ കുഴല്‍ കിണറുകള്‍ക്കൊപ്പം ഈ മരങ്ങളുമുണ്ട്. നിലവിലുള്ള അക്കേഷ്യാ മരങ്ങളെല്ലാം വെട്ടിമാറ്റിയില്ലെങ്കില്‍ അവയുടെ പരിസരങ്ങളിലുള്ളവര്‍ക്ക് കാന്‍സറടക്കമുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത ഏറെയാണ്. ദിനംപ്രതി പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ലിറ്റര്‍ ജലമാണ് അക്കേഷ്യ, യൂക്കാലിപ്റ്റസ്, മാഞ്ചിയം, മഹാഗണി മരങ്ങള്‍ ഊറ്റിയെടുക്കുന്നത്. കടുത്ത വേനലില്‍ പോലും വന്‍തോതിലുള്ള ജലമൂറ്റലാണിവ നടത്തുന്നത്. ആഴത്തിലിറങ്ങുന്ന വേരിലൂടെ വന്‍തോതില്‍ ജലമൂറ്റിയാണിവ തഴച്ചു വളരുന്നത്. ഇവയില്‍ മഹാഗണി മരം മാത്രമാണ് ഫര്‍ണ്ണീച്ചറുകള്‍ക്കും മറ്റുമായി വിനിയോഗിക്കുന്നത്. മരത്തിന്‍െ കാര്യത്തിന് മാത്രമായുള്ള മഹാഗണി മരത്തിന് പകരം വെക്കാന്‍ ഫലവൃക്ഷങ്ങളടക്കം ഏറെയുണ്ട് എങ്കിലും ആ വഴിക്കൊന്നും സര്‍ക്കാരുകളുടെ ചിന്ത പോകുന്നില്ല. പ്ലാവ്, മാവ്, നെല്ലി, ഞാവല്‍, ആര്യവേപ്പ് തുടങ്ങി ഫലവൃക്ഷങ്ങളും ഔഷധ ഗുണമുള്ളവയും വച്ചു പിടിപ്പിക്കേണ്ട സ്ഥാനത്താണ് മലയാള ഭൂമിയെ മരുഭൂമിയാക്കി മാറ്റാനുള്ള ഗൂഡ ശ്രമങ്ങളുണ്ടാകുന്നത്.

RELATED STORIES

Share it
Top