മസ്‌കത്തില്‍ മോദിയെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍

മസ്‌കത്ത്: കൊട്ടിഘോഷിച്ചു നടത്തിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാനിലെ പരിപാടിക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലും ആളുകള്‍ എത്തിയില്ല. ഭൂരിഭാഗവും കാലിയായിക്കിടന്ന കസേരകള്‍ക്കു മുന്നിലാണ് മോദി പ്രസംഗിച്ചത്. മുപ്പതിനായിരം പാസുകള്‍ വിതരണം ചെയ്ത പരിപാടിയില്‍ എത്തിയത് പതിമൂവായിരത്തോളം പേര്‍ മാത്രമാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ബിജെപി അനുഭാവികളാണ് എത്തിയവരില്‍ ഏറെയും. വിഐപി, വിവിഐപി കസേരകളും ഭൂരിഭാഗവും കാലിയായിരുന്നു. മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണമൊരുക്കിയത്. എന്നാല്‍, 25,000 പേര്‍ അംഗങ്ങളായുള്ള ക്ലബ്ബില്‍ നിന്നു പകുതി ആളുകള്‍ പോലും പരിപാടിക്ക് എത്തിയില്ല. അതേസമയം, പരിപാടിക്ക് എത്തിയവരില്‍ പലരും പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചതും പ്രധാനമന്ത്രിക്ക് നാണക്കേടായി. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. മോദിയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസി കാര്യമായ പരിശ്രമം നടത്തിയിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന മസ്‌കത്തിലെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാ ന്‍ എംബസി വെബ്‌സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ നിരവധി കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ അരദിവസത്തേക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുവാദം കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തയക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തൊഴില്‍സേനയെ ജോലിക്കു നിര്‍ത്തിയിട്ടുള്ള കമ്പനികളില്‍ നിന്ന് എത്ര പേര്‍ പങ്കെടുക്കണമെന്ന കൃത്യമായ നിര്‍ദേശം എംബസി നല്‍കി. കൂടാതെ പങ്കെടുക്കുന്നവരില്‍ 80 ശതമാനവും നീല കോളര്‍ തൊഴിലാളികള്‍ ആയിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ദൃശ്യം പ്രചാരണത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് സൂചന. പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുക്കാനും എംബസി ആവശ്യപ്പെട്ടു. കമ്പനികളെ കൂടാതെ ഇന്ത്യന്‍ സ്‌കൂളുകളോടും പരിപാടിയിലേക്ക് കുട്ടികളെ എത്തിക്കാന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒന്നും വേണ്ടത്ര ഫലവത്തായില്ല എന്നാണ് പരിപാടിയിലെ ശുഷ്‌കമായ പങ്കാളിത്തം തെളിയിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളുകള്‍ എത്താത്തതിനു കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയുമാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസ്, ബിജെപി അനുഭാവികള്‍ പാസുകള്‍ വാങ്ങിയ ശേഷം മനപ്പൂര്‍വം പരിപാടിക്ക് വരാതിരുന്നതാണെന്നും ബിജെപി പറയുന്നു. ഒമാനില്‍ പ്രവൃത്തിദിവസമായ ഞായറാഴ്ചയായിരുന്നു പരിപാടി നടന്നത് എന്നതും ആളു കുറഞ്ഞതിനു കാരണമായി പറയപ്പെടുന്നു.

RELATED STORIES

Share it
Top