മവോയിസ്റ്റ് ബന്ധമാരോപിച്ച് കള്ളകേസില്‍ കുടുക്കുന്നതായി ഭൂ അധികാര സംരക്ഷണ സമിതികൊച്ചി: മാവേയിസ്റ്റ് ബന്ധമുന്നയിച്ച് തന്നെ അറസ്റ്റ് ചെയ്ത നടപടി ഗൂഡാലോചനയെന്ന് പെമ്പിളൈ ഒരുമൈ സംഘാടകനായ മനോജ് ജെയിംസ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ടാറ്റ, ഹാരിസണ്‍ കുത്തകകളെ സഹായിക്കുവാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ എതിര്‍ത്തതിലുള്ള പകപോക്കലാണ് അറസ്റ്റെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ 15നാണ് മനോജിനെ മൂന്നാറില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ദേവികുളം സബ്‌കോടതി ജാമ്യം നല്‍കുകയായിരുന്നു. രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്തുകയാണ് സര്‍ക്കാര്‍. പിന്നീട് യുഎപിഎ ചുമത്തി ജയിലിനുള്ളില്‍ നിന്ന് പുറത്തുവരാനാകാത്ത വിധത്തില്‍ കേസുകള്‍ എത്തിക്കും. തനിക്കെതിരെയും യുഎപിഎ ചുമത്തുവാനുള്ള നീക്കം നടക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ ഭൂ പ്രശ്‌നത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിലുള്ള വിരോധമാണ് അറസ്റ്റിന് പിന്നിലെന്ന് സംശയിക്കുന്നു. ഈ ആവശ്യമുന്നയിച്ച് പെമ്പളൈ ഒരുമൈ സമരം ശക്തമാക്കുവാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28,29 തിയ്യതികളില്‍ മാവോവാദികളുമായി വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പോലിസ് ആരോപിക്കുന്നത്. എന്നാല്‍ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് എതിരെ എം എം മണി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടന്ന സമരത്തെ ഏകോപിപ്പിച്ചതിലുള്ള വൈരാഗ്യവും അറസ്റ്റിന് പിന്നിലുണ്ടെന്ന് കരുതുന്നു. പ്രാദേശിക സിപിഎം നേതാക്കളുടെ ഇടപെടല്‍ കേസിലുണ്ടായത് എം എം മണിയുടെ നിര്‍ദേശപ്രകാരമാണ്. ടാറ്റാ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന എംജി രാജമാണിക്യം റിപോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയറാകണമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. കുത്തകകളുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് ഭൂരഹിത പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വിറളി പൂണ്ട സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മനോജ് ജെയിംസ് എന്നും ഗീതാനന്ദന്‍ ആരോപിച്ചു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ 26ന് ഹൈക്കോര്‍ട്ട്് ജങ്്ഷനില്‍ ഭൂഅധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരാവകാശ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ അറിയിച്ചു.

RELATED STORIES

Share it
Top