മഴ പേടിയില്‍ നാടും നഗരവും; വെള്ളക്കെട്ടുകള്‍ ഇറങ്ങി തുടങ്ങി

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ നഗരത്തില്‍ പലഭാഗങ്ങളിലായി രൂപപ്പെട്ട വെള്ളക്കെട്ട് ഇറങ്ങി തുടങ്ങി. അതേസമയം ചൊവ്വാവ്ച രാത്രിയോടെ പെയ്ത മഴയില്‍ ഉദയ കോളനിയിലും പി ആന്‍ഡ് ഡി കോളനിയിലെയും വീടുകളില്‍ ചെറിയ തോതില്‍ വെള്ളം കയറിയിരുന്നു.
ഇന്നലെ പകല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന ഭീതിയിലാണ് ഇവിടെ ജനങ്ങള്‍. ചൊവ്വാഴ്ച രാത്രി ചിലവന്നൂര്‍ കായലില്‍ വെള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ഇന്നലെ രാവിലെ ലഭിച്ചു. വൈറ്റില ആമ്പേലിപ്പാടം റോഡില്‍ പുളിക്കത്തൊണ്ടിപറമ്പില്‍ സുബ്രഹ്മണ്യന്‍ (45) ആണു മരിച്ചത്. ഹൈക്കോടതി, മേനക ജങ്ഷനുകളില്‍ റോഡിന് ഇരുവശത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവായെങ്കിലും നടപ്പാതകളിലും റോഡിന്റെ വശങ്ങളിലും ചെളി നിറഞ്ഞ നിലയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
എംജി റോഡില്‍ മെട്രോയുടെ പണികള്‍ പുരോഗമിക്കുന്ന മഹാരാജാസ് ജങ്ഷനിലും വെള്ളം താഴ്‌ന്നെങ്കിലും റോഡിലെ കുഴികള്‍ ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. വൈറ്റിലയ്ക്ക് പുറമേ നഗരത്തിലെ ഇടറോഡുകളെല്ലാം കനത്ത മഴയത്ത് തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
മഴക്കാലം കഴിഞ്ഞെങ്കില്‍ മാത്രമേ റോഡുകളുടെ നവീകരണ ജോലികള്‍ ആരംഭിക്കുകയുള്ളൂവെന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇനിയുള്ള ദിനങ്ങളും ദുരിതമായിരിക്കുമെന്ന് ഉറപ്പായി. വെള്ളക്കെട്ട് രൂക്ഷമായിരുന്ന സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാവുകയാണ്. ഈ പ്രദേശത്തും റോഡില്‍ ചെളിനിറഞ്ഞത് സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാരെ വലക്കുന്നുണ്ട്. കനത്തമഴയില്‍ മുങ്ങിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ മഴ കുറഞ്ഞതോടെ വെള്ളക്കെട്ടും താഴ്ന്നു. ഇരിപ്പിടങ്ങളില്‍ ഉല്‍പ്പെടെ സമീപപ്രദേശങ്ങളിലെ ഓടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അടക്കമുള്ളവ അടിഞ്ഞതും ചെളി നിറഞ്ഞതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. അനുബന്ധ സംവിധാനമൊരുക്കിയാണ് ഈ വഴി യാത്രക്കാരെ കയറ്റി വിടുന്നത്. കനത്ത മഴയില്‍ മീനച്ചിലാറില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നു കോട്ടയം എറണാകുളം പാതയിലുള്ള പത്തു ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. കാക്കനാട് തുതിയൂര്‍ കരിയില കോളനിയില്‍ നിന്നു വെള്ളമിറങ്ങി.
തോപ്പുംപടി, മുണ്ടംവേലി, പള്ളുരുത്തി എന്നീ മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. രണ്ട് ദിവസമെങ്കിലും മഴ പൂര്‍ണമായും മാറി നിന്നെങ്കില്‍ മാത്രമേ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാവൂ. തൃപ്പൂണിത്തുറ പുത്തന്‍വേലിക്കര, മാമല, കോക്കാപ്പിള്ളി, കുമ്പപ്പിള്ളി, പുതിയകാവ് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് ഇന്നലെ പകല്‍ മഴ വിട്ടുനിന്നതോടെ ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
പറവൂര്‍ പുത്തന്‍വേലിക്കര, കുന്നുകര മേഖലയില്‍ വെള്ളക്കെട്ട് കുറഞ്ഞുവെങ്കിലും പൂര്‍ണമായും മാറിയിട്ടില്ല. മരടില്‍ പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കുമ്പളം താഴ്ന്ന പ്രദേശങ്ങള്‍, പനങ്ങാട്, ചേപ്പനം മേഖലയില്‍ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. മരട് നെട്ടൂരും പച്ചക്കറി മാര്‍ക്കറ്റിലും വെള്ളം ഇറങ്ങി. എങ്കിലും രാത്രിയില്‍ മഴ വീണ്ടും കനക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്.

RELATED STORIES

Share it
Top