മഴ: പരീക്ഷകള്‍ മാറ്റി, കോട്ടയത്ത് അവധി, വിവിധ ജില്ലകളില്‍ ഭാഗികം


തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് പൂര്‍ണമായും നാല് ജില്ലകളില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ടയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴയില്‍ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 18നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
കോട്ടയത്ത് പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
എറണാകുളത്തു ദുരിതബാധിത മേഖലകളിലെ സ്‌കൂളുകള്‍ക്ക് അവധി. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കും (സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉള്‍പ്പെടെ 18നു ജില്ലാ കലക്ടര്‍ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അവധി മൂലം പഠന ദിവസം നഷ്ടമാകാതിരിക്കുവാന്‍ ഓഗസ്റ്റ് 4 പ്രവൃത്തി ദിനമായിരിക്കും.
കേരള സര്‍വകലാശാല 18നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂലൈ 18നു നിശ്ചയിച്ച എംജി സര്‍വകലാശാല പിജിയുടെ ഒന്നാം അലോട്‌മെന്റും യുജിയുടെ നാലാം അലോട്‌മെന്റും കോളജില്‍ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.

RELATED STORIES

Share it
Top