മഴ: തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍

മാനന്തവാടി: ശക്തമായ മഴയില്‍ ദുരിതത്തിലായി തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍. തുച്ഛമായ കൂലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്ഥിരവരുമാനം എന്ന നിലയിലാണ് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍, ഇത്തവണ മഴ ശക്തമായതോടെ തേയില ഉല്‍പാദനത്തില്‍ കുറവ് വന്നു എന്ന കാരണത്താല്‍ തൊഴിലാളികളുടെ തൊഴില്‍ദിനങ്ങളുടെ എണ്ണം കുറച്ചിരിക്കുകയാണ്. സ്ഥിരപ്പെടുത്തിയ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ മൂന്നും നാലും പണിയുമൊക്കെ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആഴ്ചയില്‍ ഒരു പണിപോലും ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ ചില കുടുംബങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. ചിറക്കര, തലപ്പുഴ, തവിഞ്ഞാല്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ എസ്റ്റേറ്റുകളുടെയും സ്ഥിതി ഇതാണ്. ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞത് 40 രൂപയെങ്കിലും വാഹനക്കൂലിയും മറ്റുമായി വേണമെന്നിരിക്കെ ഇവരും പ്രതിസന്ധിയിലായി. തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് പാടികളുടെ അവസ്ഥയും പരിതാപകരമാണ്. നിലവില്‍ പാടികളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ പേരിന് ചെയ്യുക മാത്രമാണ് ഉണ്ടാവാറെന്നു തൊഴിലാളികള്‍ പറയുന്നു. കാലവര്‍ഷമാവുന്നതോടെ ചോര്‍ന്നൊലിച്ച് ദുരിതത്തിലാവും. ഇത്തരത്തില്‍ ഓരോ വര്‍ഷവും പാടികള്‍ നിലംപൊത്താറാണ് പതിവ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വരാറില്ല. വല്ലപ്പോഴും ആരോഗ്യവകുപ്പില്‍ നിന്ന് ആരെങ്കിലും വരുമെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നും ഇവര്‍ പറയുന്നു. പ്രളയത്തിലകപ്പെട്ട മറ്റ് മേഖലകളിലെല്ലാം സന്നദ്ധസംഘടനകളും മറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളടക്കം വിതരണം ചെയ്തപ്പോള്‍ തോട്ടംമേഖലയില്‍ എത്തിയതു കുറവായിരുന്നു.

RELATED STORIES

Share it
Top