മഴ : താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിചെറുപുഴ: മഴ തുടങ്ങിയതോടെ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മെക്കാഡം ടാറിങ് പുരോഗമിക്കുന്ന പെരിങ്ങോം-ചെറുപുഴ റോഡില്‍ പണി പൂര്‍ത്തിയാവാത്ത പാടിയോട്ടുചാല്‍ ടൗണില്‍ വെള്ളക്കെട്ട് ദുരിതമായി. ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴ ഗതാഗതക്കുരുക്കിനും ഇടയാക്കി.റോഡ് ഉയര്‍ത്തുന്നതിനും ഓവുചാലിനുമായി ഇരുഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വെള്ളം ഓവുചാലില്‍ ഒഴുക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയില്‍ മച്ചിയില്‍, കുണ്ടംതടം പ്രദേശങ്ങളിലും കാല്‍നടയാത്ര പോലും ദുസ്സഹമായി.  കുണ്ടംതടം വളവിലും മച്ചിയിലെ കയറ്റത്തിലും ചളിമണ്ണില്‍ പുതഞ്ഞ് വാഹനങ്ങള്‍ തെന്നി. അപകടം ഒഴിക്കാന്‍ ചെറുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കാക്കേഞ്ചാല്‍-കൊല്ലാട വഴിയാണ് കടത്തിവിട്ടത്. മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ്സ്റ്റാന്റിലെ പുതിയ ഷോപ്പിങ് കോംപ്ലക്‌സില്‍ വെള്ളം കയറിയത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. കോംപ്ലക്‌സിലെ മേല്‍ക്കൂരയുടെ ഷീറ്റ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സാധനങ്ങള്‍ ഉള്‍പ്പെടെ നശിക്കുന്നു. ബസ് കയറാന്‍ കാത്തുനില്‍ക്കുന്നവരും ഈ കോംപ്ലക്‌സിന്റെ വരാന്തയിലാണ് നില്‍ക്കുന്നത്. ഇവിടെ ഇരിപ്പിടം ഒരുക്കിയിരുന്നെങ്കിലും മഴവെള്ളം കയറുന്നതിനാല്‍ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. രണ്ടുമാസം മുമ്പുള്ള കാറ്റിലാണ് കോംപ്ലക്‌സിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ന്നത്. ഷീറ്റ് മാറ്റണമെന്ന്  വ്യാപാരികള്‍ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

RELATED STORIES

Share it
Top