മഴ ഞായറാഴ്ച വരെ തുടരും; ചില ജില്ലകളില്‍ വിദ്യാഭ്യാസ അവധി, ഇതുവരെ 27 മരണംസംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചില ജില്ലകളില്‍ വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയും ശനിയും അവധിയായിരിക്കും.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാര്‍കുണ്ട് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് 20,21 തീയതികളില്‍ അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു.
എംജി സര്‍വകലാശാല 20നു നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു. ഇക്കാര്യം 18നു തന്നെ വാര്‍ത്താക്കുറിപ്പിലൂടെ സര്‍വകലാശാല അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഇതുവരെ 27 പേര്‍ മരിച്ചതായാണ് സര്‍ക്കാറിന്റെ കണക്ക്. 200 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 60,000ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

RELATED STORIES

Share it
Top