മഴ കുറഞ്ഞു; അഞ്ചു ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ കേരളത്തില്‍ കനത്ത മഴയുണ്ടാവുമെന്ന ഭീതിയൊഴിഞ്ഞു. ഇന്നലെ കനത്ത മഴയുണ്ടാവുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഉച്ചവരെ കേരളത്തിലുടനീളം തെളിഞ്ഞ ആകാശമായിരുന്നു. ഉച്ചകഴിഞ്ഞതോടെയാണ് ആകാശം പൊതുവെ മേഘാവൃതമായത്. മഴ കുറഞ്ഞതോടെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് യെല്ലോ അലര്‍ട്ടാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. തിരുവനന്തപുരത്ത് ഇന്നലെ കൂടിയ മഴ 49.7 മി.മീറ്റര്‍ രേഖപ്പെടുത്തി. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ 2987.50 അടിയായിരുന്നു. 50,000 ലിറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കിയത്.
കനത്ത മഴയും പ്രളയസാധ്യതയും കണക്കിലെടുത്ത് ജലവിഭവ വകുപ്പിന്റെ 16 അണക്കെട്ടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 42 ഡാമുകള്‍ തുറന്നിരുന്നു. ദുരന്തസാധ്യത കണക്കിലെടുത്ത് ഏഴു കമ്പനി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരുന്നു.
തൃശൂരില്‍ രണ്ടും കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോ ടീമിനെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഇവര്‍ ഒരു ദിവസം കൂടി അതത് സ്ഥലങ്ങളില്‍ തുടരും. ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന യാത്രാനിരോധനം പിന്‍വലിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനത്തിലേക്കുള്ള പ്രവേശനം ഇന്നു മുതല്‍ തുടരും.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നത്തോടുകൂടി പിന്‍വാങ്ങാനും വടക്കുകിഴക്കന്‍ കാലവര്‍ഷം ഇന്നു മുതല്‍ ആരംഭിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാവും. സാധാരണ ഒക്ടോബര്‍ പകുതിക്കുശേഷമാണ് എത്തുന്നതെങ്കിലും കേരള-തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കുകിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്.
മഴ മാറിയെങ്കിലും ഇന്നും നാളെയും കടലിലിറങ്ങരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. 12 വരെ അറബിക്കടലിന്റെ മധ്യഭാഗത്തേക്കു പോവരുതെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളിലാവാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് തീരത്തും കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top