മഴവെള്ളപ്പാച്ചില്‍; ഇരിട്ടിയില്‍ 2 കോടിയുടെ നഷ്ടം

ഇരിട്ടി: മാക്കൂട്ടം വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇരിട്ടി മേഖലയില്‍ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം. പായം, അയ്യന്‍കുന്ന് പഞ്ചായത്തുകളിലായി 14 വീടുകള്‍ പൂര്‍ണമായും 30തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകളിലെ 27 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. കിളിയന്തറ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ 17 കുടുംബങ്ങലിലെ 70ഓളം പേരും അങ്ങാടിക്കടവ് സ്‌കൂളിലെ ക്യാംപില്‍ 10 കുടുംബങ്ങളിലെ 32 പേരുമാണ് കഴിയുന്നത്. ഇരുക്യാംപുകളിലും ഓരോ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 10ഓളം റവന്യു ജീവനക്കാരെയാണ് നിയമിച്ചരിക്കുന്നത്. രണ്ടുമൂന്ന് ദിവസം കൂടി ഇവര്‍ സ്‌കൂളുകളിലെ ക്യാംപുകളില്‍ കഴിയും. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ മേഖലയില്‍ ജനജീവിതം സാധാരണ നിലയിലായി. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും റവന്യു വകുപ്പ് വസ്ത്രങ്ങളും പുതപ്പുകളും വീതരണം ചെയ്തു. മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.     പായം പഞ്ചായത്തില്‍ 1,12,50000 രൂപയുടെയും അയ്യന്‍കുന്നില്‍ 70 ല—ക്ഷത്തിന്റെയും നഷ്ടം കണക്കാക്കി. മേഖലയിലെ 50ഓളം കിണറുകള്‍ മലിനജലം കയറി ഉപയോഗ്യശൂന്യമായി. കിണര്‍ വ്യത്തിയാക്കുന്നതിന് പ്രത്യേക പാക്കേജായി പണം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ബാരാപുഴയില്‍ വെള്ളം നിറഞ്ഞ് വീടുകള്‍ക്കും കൃഷിക്കും നാശം നേരിട്ടത്. ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തി. വീടും സര്‍വവും നഷ്ടപ്പെട്ട് കിളിയന്തറ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ മന്ത്രി ഇ ചന്ദ്രശേഖരനും കൃഷി മന്ത്രി വി എസ് സുനില്‍കുമാറും സന്ദര്‍ശിച്ചു. വീടും സര്‍വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം ചെയ്യുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ ജില്ലയിലും താല്‍ക്കാലിക സഹായമായ 50ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. റവന്യൂ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.ഉരുവച്ചാലിലും കനത്ത നാശംഉരുവച്ചാല്‍: കനത്ത മഴയില്‍ ഉരുവച്ചാല്‍ മേഖലയിലും കനത്ത നാശനഷ്ടം. മെരുവമ്പായില്‍ വീട്ടുമതില്‍ കോഴിക്കൂടിന് മുകളില്‍ വീണ് പുതിയപുരയില്‍ അബ്ദുര്‍റസാഖിന്റെ 50 ഓളം കോഴികള്‍ ചത്തു. സമീപത്തെ മൊയ്തുവിന്റെ വീട്ടുമതിലാണ് കോഴിക്കൂടിന് മുകളില്‍ വീണത്. മെരുവമ്പായിലെ കയ്യാലക്കണ്ടി സഫിയയുടെ വീട്ടുമതില്‍ തകര്‍ന്നുവീണ് കിണര്‍ തകര്‍ന്നു. പഴശ്ശി പള്ളിക്ക് സമീപത്തെ ഷക്കീലയുടെ ബൈത്തുന്നൂര്‍ വീടിന്റെ ഇരുഭാഗത്തെ മതില്‍ തകര്‍ന്നു. സമീപത്തെ വീട്ടുപറമ്പിലേക്കാണ് വീണത്. ഇടപ്പഴശ്ശി ശാന്തിനഗര്‍ റോഡില്‍ പി പി ഹസീനയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കിണറും ചുമരുകളും തകര്‍ന്ന് വീണു. കിണര്‍ താഴ്ന്നതാണ് ചുമര്‍ ഇടിയാന്‍ കാരണം. പഴശ്ശി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. നീര്‍വേലി, മെരുവമ്പായി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകളുടെ മതിലും തകര്‍ന്നു. റോഡിലെ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും തടസ്സപ്പെട്ടു.പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പായം പഞ്ചയാത്ത് ഇരിട്ടി: പായം പഞ്ചായത്തിലെ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പായം പഞ്ചായത്ത് ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ 15 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 20 വീടുകളില്‍ വെള്ളം കയറി. വീട് നഷ്ടപ്പെട 17 കുടുംബങ്ങള്‍ കിളിയന്തറ ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളില്‍ ഒരുക്കിയ പുനരധിവാസ ക്യാംപില്‍ കഴിയുകയാണ്. ഇവരുടെ തിരിച്ചുപോക്ക് അധികൃതരുടെ മുമ്പില്‍ ചോദ്യചിഹ്നമായി മാറിയിരിക്കയാണ്. വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും സ്വന്തമായി ഭൂമിയില്ല. ഇവര്‍ കേരളത്തിന്റെ അധീനതയിലുള്ള കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത്്. ഇവരെ ഒഴിപ്പിക്കാന്‍ നേരത്തെ കര്‍ണാടക വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ മഴവെള്ള പ്പാച്ചിലില്‍ വീടും സ്ഥലവും പുഴയെടുത്തതോടെ വെള്ളം ഇറങ്ങിയാലും ഇവര്‍ക്ക് അവിടേയ്ക്കുപ്രവേശനം അസാധ്യമാണ്. വീടെടുക്കാന്‍ കര്‍ണാടക വനംവകപ്പ് അനുവദിച്ചേക്കില്ല. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപ് രണ്ടോ മുന്നോ ദിവസം മാത്രമേ സാധ്യമാവൂ. ഇവര്‍ക്ക് താല്‍കാലിക പുനരധിവാസം കണ്ടെത്തണം. ഇതിനാലാണ് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യപിക്കണമെന്ന ആവശ്യം ഭരണ സമിതി മുന്നോട്ടുവയ്ക്കുന്നത്. പായം പഞ്ചായത്തിന് സ്വന്തമയി ഭൂമിയില്ലാത്തതിനാല്‍ ഭൂമി കണ്ടെത്തി വേണം പുനരധിവാസം സാധ്യമാക്കാന്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ, കൃഷി മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയതായി പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകനും ഭരണസമിതി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കൃഷിയിടങ്ങളും റോഡുകളും വെള്ളത്തില്‍ഇരിക്കൂര്‍: കനത്ത മഴയില്‍ ഇരിക്കൂര്‍ പുഴ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൃഷികള്‍ വെള്ളത്തില്‍ മുങ്ങി. പുഴയോര താമസക്കാര്‍ ഭീഷണിയിലാണ്. കനത്ത മഴയില്‍ കലങ്ങി മറിഞ്ഞ് കുത്തി ഒഴുകിയെത്തിയ പുഴ നിറഞ്ഞ് കവിഞ്ഞെഴുകയായിരുന്നു. കോളോട് വയല്‍, നിടുവള്ളൂര്‍ റോഡ്, പുഞ്ഞിടുക്ക് റോഡ്, ആയിപ്പുഴ പുഴക്കര റോഡ്, കൂരാരി റോഡ്, ഡയനാമോസ് ഗ്രൗണ്ട്, എഎംഐ റോഡ് എന്നിവ വെള്ളത്തില്‍ മുങ്ങി. ചുളിയാട്, അടുവാപ്പുറം വയല്‍, ചേടിച്ചേരി കോട്ടവയല്‍, കുണ്ടേരി വയല്‍, കുയിലൂര്‍ വയല്‍, നായിക്കാലി, കൊടോളിപ്രം വയല്‍, നിടുകുളം വയല്‍ എന്നിവിടങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ കൃഷി നശിച്ചു. നെല്ല്, നേന്ത്രവാഴ, കപ്പ, ചേന, ചേമ്പ് കൃഷികളാണ് നശിച്ചത്.

RELATED STORIES

Share it
Top