മഴയ്‌ക്കൊപ്പം കാറ്റ്; വ്യാപക നാശം

കണ്ണൂര്‍: കനത്ത മഴയ്‌ക്കൊപ്പം ജില്ലയില്‍ ചുഴലിക്കാറ്റ്. വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടം. ഇരിട്ടി-പേരാവൂര്‍ റോഡിലെ എടത്തൊട്ടിക്ക് സമീപം ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരംവീണ് യുവതി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
മലയോരം ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. മിക്കയിടത്തും തൂണുകള്‍ പൊട്ടിവീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായി.
തീരമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. വീടുകളില്‍ കടല്‍വെള്ളം അടിച്ചുകയറി. നാളെ വരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശമുണ്ട്.
ഇരിട്ടി:  മരം കടപുഴകി വീണ് രണ്ടുവീടുകള്‍ തകര്‍ന്നു. കോളിക്കടവ് പുതുശ്ശേരിയിലെ സരോജിനിയുടെ വീടിന് മുകളില്‍ തെങ്ങുവീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി 10ഓടെ ആഞ്ഞടിച്ച കാറ്റിലാണ് അപകടം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറകിലേക്ക് ഓടിയതിനാല്‍ ദുരന്തമൊഴിവായി. കാറ്റില്‍ ഇരിട്ടി നേരമ്പോക്ക് റോഡിലെ കളിക്കുന്നത്ത് പുതിയപുരയില്‍ ഗൗരിയുടെ വീട് മരം വീണ് തകര്‍ന്നു.
വീടിന്റെ മുന്‍ഭാഗമാണു തകര്‍ന്നത്. കല്ലുമുട്ടിയില്‍ റോഡരികിലെ കൂറ്റന്‍ മരം പുഴയിലേക്ക് കടപുഴകിയതിനെ തുടര്‍ന്ന് തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം അപകടഭീഷണിയിലായി. ടാറിങിന് സമീപം വരെ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞ നിലയിലാണ്.

RELATED STORIES

Share it
Top