മഴയും പൊടിക്കാറ്റും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 19 മരണം

ന്യൂഡല്‍ഹി: ശക്തമായ മഴയിലും പൊടിക്കാറ്റിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 19 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി നാലുപേരും പൊടിക്കാറ്റില്‍ ഉത്തര്‍പ്രദേശില്‍ 15 പേരുമാണ് മരിച്ചത്.മഴയെ തുടര്‍ന്ന് അസമില്‍ റെയില്‍ഗതാഗതം തടസ്സപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ത്രിപുര സര്‍ക്കാര്‍ സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടിയിട്ടുണ്ട്. ത്രിപുരയില്‍ നദിയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. സംസ്ഥാനത്ത് ദുരന്തപ്രദേശങ്ങളിലെ 14,000ഓളം പേര്‍ ഭവനരഹിതരായതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ദുരന്തപ്രദേശങ്ങളില്‍ വെള്ളിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.15 പേര്‍ മരിച്ച ഉത്തര്‍പ്രദേശില്‍ അന്തരീക്ഷ ഗുണനിലവാര സൂചിക 500ന് മുകളിലാണ് രേഖപ്പെടുത്തിയത്. ശക്തമായ പൊടിക്കാറ്റില്‍പ്പെട്ടാണ് ഇവിടെ 15 പേര്‍ മരിച്ചത്. ആറുപേര്‍ സീതാപൂരിലും മൂന്നുപേര്‍ വീതം ഗോണ്ടയിലും കൗശാമ്പിയിലും ഫൈസാബാദ്, ഹര്‍ദോയി, ചിത്രകൂട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. സീതാപൂരിലും ഫൈസാബാദിലുമായി 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റ് ഉണ്ടാവുമെന്ന മുന്നറിയിപ്പുണ്ട്. കഴിഞ്ഞമാസമുണ്ടായ പൊടിക്കാറ്റില്‍ സംസ്ഥാനത്ത് 130 പേര്‍ മരിച്ചിരുന്നു.കനത്ത പൊടിപടലത്തെ തുടര്‍ന്ന് തലസ്ഥാന നഗരമേഖല ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ അന്തരീക്ഷ ഗുണനിലവാര സൂചിക 796 രേഖപ്പെടുത്തി. ഡല്‍ഹിയിലിത് 830 എന്ന ഉയര്‍ന്ന തോതിലാണ്. രാജസ്ഥാനില്‍ നിന്ന് ഉള്‍പ്പെടെ വീശിയ ചൂട് കലര്‍ന്ന പൊടിക്കാറ്റാണ് ഡല്‍ഹിയിലെ പൊടിപടലത്തിന് കാരണമെന്ന നിഗമനത്തിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതിനെ തുടര്‍ന്ന് പലര്‍ക്കും ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെട്ടു.

RELATED STORIES

Share it
Top