മഴയും കാറ്റും: കെഎസ്ഇബിക്ക് കനത്ത നഷ്ടം

കണ്ണൂര്‍: ദിവസങ്ങളായി തുടരു ന്ന ശക്തമായ കാറ്റിലും മഴയിലും കണ്ണൂര്‍, കാസര്‍കോട്, വയ നാട് ജില്ലകളില്‍ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. വ്യാപകമായി തൂണുകളും ലൈനുകളും തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നിരവധി  ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും എല്‍ ടി പോസ്റ്റുകളും മരം വീ ണു തകരുകയും നിരവധി സ്ഥ ലങ്ങളില്‍ എച്ച്ടി, എല്‍ടി ലൈനുകള്‍ പൊട്ടിവീഴുകയും ചെ യ്തു.
നിരവധി ട്രാന്‍സ്‌ഫോമറുകള്‍ക്കും കേടുപാടുണ്ടായി. മരം പൊട്ടിവീണും കാറ്റിലുമാണ് തൂണുകള്‍ തകര്‍ന്നത്. ഇവ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കുകയാണ്.
നഷ്ടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തി ല്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും കൂടാനാണ് സാധ്യത. ടെലിഫോണ്‍ ബന്ധവും പലയിടത്തും തകരാറിലാണ്. പ്രതികൂല കാലാവസ്ഥയ്ക്ക് അല്‍പം ശമനമുണ്ടാവുന്ന മുറയ്ക്ക് പ്രവൃത്തിക്ക് വേഗം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ഇബി. അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും ഉപയോക്താക്കള്‍ കെഎസ്ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നം നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
ഇരിട്ടി സബ് ഡിവിഷനില്‍ അരക്കോടിയിലേറെ നഷ്ടം
ഇരിട്ടി: കനത്ത മഴയ്‌ക്കൊപ്പം തുടരുന്ന കാറ്റില്‍ വൈദ്യുതിബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനാവാതെ കെഎസ്ഇബി. രണ്ടുദിവസത്തിനിടിയില്‍ അഞ്ചു തവണ വീശിയടിച്ച കാറ്റില്‍ കെഎസ്ഇബിക്ക് ഇരിട്ടി സബ് ഡിവിഷനില്‍ മാത്രം ഉണ്ടായ നഷ്ടം അര കോടിയിലധികം രൂപയുടേതാണ്. ഇന്നലെ അവധി ദിവസം ആയിട്ടും സാധാരണ 27 വകുപ്പ് ജീവനക്കാര്‍ മാത്രം ചുമതലയില്‍ കാണേണ്ടിടത്ത് 120 പേരെ രംഗത്തിറക്കി പ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രധാന ടൗണുകളില്‍ പോലും രാത്രിയിലും വൈദ്യുതിബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല.
മുന്നൂറിലധികം സ്ഥലത്താണ് മരം വീണത്.10 എച്ച്ടി ലൈന്‍ തൂണുകളും 52 എല്‍ടി ലൈന്‍ തൂണുകളും തകര്‍ന്നു. എച്ച്ടി കണക്ടര്‍ അറുപതും എല്‍ടി കണക്ടര്‍ ഇരുനൂറും നശിച്ചു. ഇരിട്ടി, കേളകം, എടൂര്‍ സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലാണ് നാശമേറെയും. ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ കാറ്റിലാണ് നഷ്ടങ്ങളുടെ തുടക്കം. മിക്കയിടത്തും മരം വീണു. ഇതില്‍ ഭൂരിഭാഗവും പരിഹരിച്ച് 9.30ഓടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈദ്യുതി പുനസ്ഥാപിച്ചു. ഈ സമയം വീണ്ടും കാറ്റുവീശി. പിന്നീട് രാത്രി 11.30നുണ്ടായ ചുഴലിക്കാറ്റില്‍ വീണ്ടും എല്ലാം തകര്‍ത്തടിച്ചു.
ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയത് ഈ സമയത്തുണ്ടായ കാറ്റാണ്. ലോകകപ്പ് ഫൈനല്‍ കൂടി നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ഞായറാഴ്ച ആയിട്ടും കെഎസ്ഇബി ജീവനക്കാരോടെല്ലാം എത്താന്‍ നിര്‍ദേശം നല്‍കി. 90 കെഎസ്ഇബി ജീവനക്കാര്‍ക്കൊപ്പം കരാറുകാരെ കൂടി എത്തിച്ച് 120 പേര്‍ ജോലി ചെയ്തിട്ടും പ്രധാന ലൈനുകളിലെ പ്രശ്‌നങ്ങള്‍ പോലും പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെയും പ്രവൃത്തി നടക്കുന്നതിനിടയില്‍ രാവിലെ 6.30നും ഉച്ചയ്ക്ക് 2.30 നും കാറ്റുവീശി.

RELATED STORIES

Share it
Top