മഴയും ഇടിമിന്നലും; കണ്ണൂരില്‍ കനത്ത നാശംഇരിട്ടി: കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ഇടിമിന്നലിലും മലയോര മേഖലയില്‍ വ്യാപക നാശം. വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. വിളക്കോട് ചാക്കാട്ട് വീട് ഭാഗികമായി തകര്‍ന്നു. പയഞ്ചേരിയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. പായം കാടമുണ്ട ഭാഗങ്ങളില്‍ കാറ്റില്‍ നിരവധിപേരുടെ കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി. വിളക്കോട് ചാക്കാട്ടെ നെല്ലിക്ക ബാലകൃഷ്ണന്റെ വീടാണ് ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്നത്. അടുക്കള ഭാഗത്തെ ചുമരില്‍ വിള്ളല്‍ വീണു. വൈദ്യുതി മീറ്റര്‍ ഉള്‍പ്പെടെ വയറിങ് സംവിധാനം പൂര്‍ണമായും കത്തിനശിച്ചു. അപകടസമയം വീട്ടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പായം കാടമുണ്ടയിലെ മമത സുരേന്ദ്രന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. പയഞ്ചേരിയില്‍ ഒരു മഴയില്‍ തന്നെ റോഡ് നിറഞ്ഞുകവിഞ്ഞതിനാല്‍ ചെറിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കരിയാലില്‍ മരം വീണ് അങ്കണവാടി ഭാഗികമായി തകര്‍ന്നു. ഇരിട്ടി ടൗണില്‍ ഉള്‍പ്പെടെ എട്ടുമണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്.ഇരിക്കൂര്‍:  കനത്ത മഴയിലും കാറ്റിലും ഇരിക്കൂറിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. നിടുവള്ളൂരില്‍ 1500ഓളം കുലച്ച നേന്ത്രവാഴകളും 200ഓളം കപ്പയും നിലംപൊത്തി. കൊളപ്പയിലെ ടി കെ കബീറും എ പി ചന്ദ്രനും പാട്ടത്തിനെടുത്ത് കൃഷി ചെയ്ത തോട്ടം പാടെ നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിടുവള്ളൂര്‍ ടൗണില്‍ നിസാറിന്റെയും നാക്കരപ്പെട്ടിഅബുവിന്റെയും 500ഓളം നേന്ത്രവാഴകളും 200ഓളം കപ്പകളുമാണ് നശിച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പട്ടീലില്‍ വൈദ്യുതി ലൈനിലേക്ക് വ മരം പൊട്ടിവീണതിനാല്‍ തൂണും കമ്പികളും തകര്‍ന്നു. തുടര്‍ച്ചയായി മൂന്നു ദിവസമായി ഇരിക്കൂര്‍ മേഖലയില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. പാനൂര്‍: ശക്തമായ കാറ്റും മഴയും ഇടിമിന്നലും പാനൂര്‍ മേഖലയില്‍ വ്യാപക നാശംവിതച്ചു. ഇടിമിന്നലേറ്റ് വൃദ്ധ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടിനകത്ത് കിടന്നുറങ്ങിയ ചെറുപറമ്പ് പാത്തിക്കലിലെ ആയോടന്റവിട മാതു (82)വാണ് മരിച്ചത്. ഇടിമിന്നലേറ്റ് വീടിന്റ വയറിങ് ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. പൊയിലൂര്‍ കുന്നത്ത് തെക്കോടി കുഞ്ഞിക്കണ്ണന്റെ വീടിന്റെ മേല്‍ക്കൂര  ഭാഗികമായി തകര്‍ന്നു. പറമ്പിലെ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. പുറക്കളത്തെ ചന്ദ്രിയുടെ വീടിനു മുകളില്‍ മരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. ഉരുവച്ചാല്‍: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഇടിമിന്നലിലും ഉരുവച്ചാല്‍, മാലൂര്‍, ശിവപുരം മേഖലയില്‍ കനത്ത നഷ്ടം. ശിവപുരം വെമ്പടി തട്ടില്‍ കോഴിഫാമിന് മുകളില്‍ മരം വീണ് ഫാം തകര്‍ന്നു. 200 ഓളം കോഴികള്‍ ചത്തു. ശിവപുരത്തെ അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കോഴി ഫാം. ആയിരത്തോളം കോഴികള്‍ ഫാമിലുണ്ടായിരുന്നു. കാറ്റില്‍ ഷീറ്റുകള്‍ പാറിപ്പോവുകയും ചെയ്തു. അഞ്ചുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. മാലുര്‍ തൃക്കടാരിപ്പൊയിലിലെ നിസാറിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു.

RELATED STORIES

Share it
Top