മഴയില്‍ കുതിര്‍ന്ന് പെരുന്നാള്‍ വിപണി

മലപ്പുറം: തോരാമഴയത്ത് പെരുന്നാള്‍ വിപണിയും നനഞ്ഞൊലിച്ചു. മഴ ശക്തമായതോടെ കാര്യമായ കച്ചവടം നടക്കാതെ വ്യാപാരിക്ക് സങ്കടത്തിന്റെ പെരുന്നാള്‍ കൂടിയായി. നിപാ ഭീതി വിട്ടുമാറി കച്ചവടങ്ങള്‍ പച്ചപിടിച്ച് സ്‌കൂള്‍, പെരുന്നാള്‍ വിപണിയിലേക്ക് കാലെടുത്തുവച്ചതു മുതല്‍ മഴ വിട്ടുമാറിയിട്ടില്ല. നാലുദിവസമായി തോരാതെ പെയ്യുന്ന മഴ കാര്യമായും പെരുന്നാള്‍ വിപണിയെയാണ് പ്രതികൂലമായി ബാധിച്ചത്. കടുത്ത വിലക്കയറ്റത്തിന്റെ ഇടയിലേക്കാണ് റമദാന്‍ തന്നെ വന്നെത്തിയത്. പെരുന്നാള്‍ ആവുമ്പോഴേക്കും കച്ചവടം മെച്ചപ്പെടുമെന്ന് കരുതിയടുത്തേക്കാണ് മഴ വിപണിയെ മോശമാക്കിയത്. നിപാ ഭീതിമൂലം ടെക്‌സ്റ്റൈല്‍സുകളില്‍ കച്ചവടം നേരത്തെ തന്നെ കുറവായിരുന്നു. ഭീതി വിട്ടൊഴിഞ്ഞെങ്കിലും ശക്തമായ മഴ കൂടി വന്നതോടെ കച്ചവടം വേണ്ട രീതിയില്‍ നടന്നില്ല. ചെറിയ പെരുന്നാള്‍ സീസണാണ് പ്രധാനമായും ജില്ലയിലെ ടെക്‌സറ്റൈല്‍സുകാരുടെ ചാകരക്കാലം. കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ പകുതി കച്ചവടം പോലും പല സ്ഥാപനങ്ങള്‍ക്കും ഇപ്രാവശ്യം ഉണ്ടാക്കാനായിട്ടില്ല. സ്‌കൂള്‍ വിപണിയില്‍ തന്നെ വലിയ കച്ചവടം നടന്നിട്ടില്ല. മഴ കാരണം വീട്ടില്‍നിന്നു തന്നെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. താഴ്ന്ന പ്രദേശങ്ങളും മലയോര മേഖലകളും മഴ കാരണം ഒറ്റപ്പെട്ടിരിക്കുകയാണ്. പെരുന്നാളിലെ ഒഴിച്ചുകൂടാനാവാത്ത വിപവമായ ബീഫിനും കോഴിക്കും പൊള്ളുന്ന വിലയാണ്. കോഴി ഇറച്ചിക്ക് 180 രൂപയ്ക്ക് മുകളിലാണ് വില. ബീഫിന് 250 മുതല്‍ 280 രൂപ വരെയാണ് കിലോയ്ക്ക് വില. പെരുന്നാള്‍ വിപണയില്‍ പെരുന്നാള്‍ സ്‌പെഷല്‍ കച്ചവടങ്ങളും തെരുവുകച്ചവടങ്ങളും പൊടിപൊടിക്കാറുണ്ടായിരുന്നു. എന്നാല്‍, മഴ കാരണം ഇതൊന്നും പെരുന്നാള്‍ വിപണിയിലില്ല. മഴ കാരണം ഫ്രൂട്‌സ് കടകളില്‍ തീരെ കച്ചവടം നടക്കുന്നില്ല. റമദാന് കച്ചവടം നടക്കേണ്ടിടത്ത് നിപാ ഭീതി കാരണം കച്ചവടം മോശം അവസ്ഥയിലായിരുന്നു. തോരാത്ത മഴയില്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങി പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങുകയാണെല്ലാവരും.

RELATED STORIES

Share it
Top