മഴയിലും പ്രളയത്തിലും തകര്‍ന്ന് നിര്‍മാണമേഖല

കോഴിക്കോട്: മഴയിലും പ്രളയത്തിലും തകര്‍ന്ന് നിര്‍മാണ മേഖല. സംസ്ഥാനത്ത് എല്ലാവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും മണല്‍ ഉള്‍പ്പെടെയുള്ളവയുടെ ദൗര്‍ലഭ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് പ്രതിസന്ധി രൂക്ഷ്മാക്കിയത്. ഉരുള്‍പൊട്ടലും മറ്റ് മഴക്കെടുതികളും തുടര്‍ച്ചയായതോടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പും വെള്ളക്കെട്ടും പാരിസ്ഥിതികാനുമതിയും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയില്‍ മണല്‍ വാരല്‍ ഇല്ലാത്ത സാഹചര്യത്തില്‍ എം-സാന്‍ഡ് ആയിരുന്നു കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ബോളറുകളും മെറ്റലും ചെങ്കല്ലും ആവശ്യാനുസരണം ലഭ്യമല്ല. നിര്‍മാണ സാമഗ്രികള്‍ക്ക് വലിയ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിമന്റ് ചാക്കിന് 410 രൂപയും ചെങ്കല്ലിന് 50ഉം കമ്പി 62 രൂപയും ആയി ഉയര്‍ന്നിട്ടുണ്ട്. സിമന്റ് വിലയില്‍ 100 രൂപയോളം വ്യതാസമാണ് കേരളവും കര്‍ണാടകയുമായുള്ളത്. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ആരും തയ്യാറാവുന്നില്ല. വലിയ പ്രൊജക്റ്റുകള്‍ പോലും നിര്‍ത്തിവച്ചിരിക്കയാണ്.
ചെറുകിട നിര്‍മാണ മേഖലയാണ് ഇക്കാലയളവില്‍ എറ്റവുമധികം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. വീട് നിര്‍മാണം പോലും ആളുകള്‍ നീട്ടിവയ്ക്കുമ്പോള്‍ കടുത്ത തൊഴിലില്ലായ്മയാണ് ഈ മേഖല അഭിമുഖീകരിക്കുന്നത്. കല്‍പണിക്കാര്‍, മാര്‍ബിള്‍ പണിക്കാര്‍, മരപ്പണിക്കാര്‍, വെല്‍ഡിങ് തൊഴിലാളികളടക്കമുള്ള വര്‍ക്കൊന്നും ഇപ്പോള്‍ ജോലിയില്ല. അനുബന്ധ തൊഴിലാളികളായ ഡ്രൈവര്‍മാര്‍ ലോഡിങ് തൊഴിലാളികള്‍ എന്നിവരെല്ലാം ദുരിതത്തലാണ്. നിര്‍മാണ മേഖലകളിലെ ജോലികള്‍ക്കായി എത്തുന്ന ഇതസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. നിര്‍മാണ മേഖലയെ ആശ്രയിച്ച് കഴിഞ്ഞുകൂടുന്ന കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്.

RELATED STORIES

Share it
Top