മഴയിലും തളരാതെ ഗെയ്ല്‍ വെടിക്കെട്ട്; കൊല്‍ക്കത്തയെ തകര്‍ത്ത് പഞ്ചാബ് ഒന്നാമത്കൊല്‍ക്കത്ത: ക്രിസ് ഗെയ്‌ലിന്റൈ ബാറ്റിങ് വെടിക്കെട്ട് കരുത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബിന് തകര്‍പ്പന്‍ ജയം. മഴ കളിയില്‍ വില്ലനായപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് വിക്കറ്റിനാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ്് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുത്തു. പഞ്ചാബിന്റെ മറുപടി ബാറ്റിങിനിടെ മഴ വില്ലനായെത്തിയതോടെ പഞ്ചാബിന്റെ വിജയ ലക്ഷ്യം 13 ഓവറില്‍ 125 റണ്‍സായി പുനര്‍നിശ്ചയിച്ചു. വെടിക്കെട്ട് ഫോം തുടരുന്ന ഗെയ്‌ലിന്റെയുും (62*), കെ എല്‍ രാഹുലിന്റെയും (60) ബാറ്റിങ് മികവില്‍ 11.1 ഓവറില്‍ 126 റണ്‍സ് നേടി പഞ്ചാബ് വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തോല്‍വി വഴങ്ങിയെങ്കിലും ആറ് പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ തന്നെ സുനില്‍ നരെയ്‌നെ (1) നഷ്ടമായെങ്കിലും തല്ലിത്തകര്‍ത്ത് മുന്നേറിയ ക്രിസ് ലിന്‍ (41 പന്തില്‍ 74) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തുടക്കം മുതല്‍ വെടിക്കെട്ട് തീര്‍ത്ത ലിന്നിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സറുകളുമാണ് പിറന്നത്. ലിന്നിന് പിന്തുണയേകി ദിനേഷ് കാര്‍ത്തികും (43) റോബിന്‍ ഉത്തപ്പയും (34) കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങി. കാര്‍ത്തിക് 28 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്ന ഉത്തപ്പയുടെ ഇന്നിങ്‌സ്.
പഞ്ചാബിന് വേണ്ടി ബരീന്ദര്‍ സ്രാന്‍, ആന്‍്‌ഡ്രേ ടൈ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബുര്‍ റഹ്മാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി.
192 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് വേണ്ടി ഓപണര്‍മാരായ ഗെയ്‌ലും രാഹുലും നിലയുറപ്പിച്ചതോടെ അനായാസം പഞ്ചാബ് വിജയ ലക്ഷ്യം കാണുകയായിരുന്നു. രാഹുല്‍ 27 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറും രണ്ട് സിക്‌സറും പറത്തിയപ്പോള്‍ 38 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സറും ഗെയ്‌ലും സ്വന്തമാക്കി. മായങ്ക് അഗര്‍വാള്‍ (2*) പുറത്താവാതെ നിന്നു.
കളിച്ച മൂന്ന് മല്‍സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്ല്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 229 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 213 റണ്‍സുനേടിയ പഞ്ചാബിന്റെ തന്നെ കെ എല്‍ രാഹുല്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 201 റണ്‍സോടെ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലിയുള്ളത്.

RELATED STORIES

Share it
Top