മഴക്കെടുതി: 6500 പേരുടെ കൃഷിഭൂമി നശിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് കൃഷി ഓഫിസിനു കീഴിലുള്ള ഏഴു പഞ്ചായത്തുകളിലായി 6500 കര്‍ഷകരുടെ കൃഷിഭൂമി മഴക്കെടുതിയില്‍ നശിച്ചതായി റിപോര്‍ട്ട്. വാഴ 254000, കുരുമുളക് 268000, തെങ്ങ് 300, ജാതി 685, കാപ്പി 7250, ഗ്രാമ്പു 130 എന്നിങ്ങനെയാണു നശിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 1530 ഹെക്ടര്‍ ഏലത്തോട്ടം നശിച്ചു.
കര്‍ഷകര്‍ക്ക് ആദ്യഘട്ട ധനസഹായ വിതരണത്തിനായി ഒരു കോടി 30 ലക്ഷം രൂപ കൃഷിവകുപ്പ് അനുവദിച്ചു. ആദ്യഘട്ടത്തില്‍ 2500 പേര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ തുകയെത്തും. സ്‌പൈസസ് ബോ ര്‍ഡും കൃഷിവകുപ്പും ചേര്‍ന്ന് ഏലത്തോട്ടം മേഖലയില്‍ നടത്തിയ കണക്കെടുപ്പു പൂര്‍ത്തിയായി. അടിയന്തര സഹായത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. ഏലംകൃഷി നശിച്ച 1600 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്കു ഹെക്ടറൊന്നിനു 18,000 രൂപ വീതം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിന്‍സ് മാത്യു അറിയിച്ചു.
കുരുമുളകു കര്‍ഷകരുടെ വിളനാശത്തിന്റെ കണക്കെടുപ്പു പുരോഗമിച്ചു വരികയാണ്. വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ആശ്വാസ സഹായമായി 18,000 രൂപ വീതം ഹെക്ടറൊന്നിനു നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും കൃഷിവകുപ്പ് ആരംഭിച്ചു. മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസഹായം തേടാനുള്ള ഒരുക്കത്തിലാണു കൃഷിവകുപ്പും സ്‌പൈസസ് ബോര്‍ഡും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top