മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

ഇരിട്ടി: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കനത്ത നാശം വിതച്ച ആറളം, അയ്യന്‍കുന്ന്്, പായം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ് കേന്ദ്രകൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ബി രാജേന്ദര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ പൊന്നു സ്വാമി, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയരക്ടര്‍ ധരംവീര്‍ ഝാ, ഊര്‍ജ മന്ത്രാലയം ചീഫ് എന്‍ജിനീയര്‍ വന്ദന സിംഗാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ജി എസ് പ്രദീപും സംഘത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലയിലുണ്ടായ മഴക്കെടുതി നാശനഷ്ടങ്ങളെ കുറിച്ച് കലക്്ടര്‍ വിശദീകരിച്ചു. രണ്ട് ഘട്ടങ്ങളിലായുണ്ടായ കാലവര്‍ഷക്കെടുതിയില്‍ റോഡുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചതെന്ന് കലക്്ടര്‍ കണക്കുകള്‍ അവതരിപ്പിച്ച് വിശദീകരിച്ചു. ജില്ലയിലെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് 600ലേറെ കോടിയുടെ നഷ്ടമുണ്ടായി. മഴക്കെടുതിയില്‍ വീടുകള്‍, കൃഷി, മല്‍സ്യമൃഗസമ്പത്ത്, വൈദ്യുതി ബോര്‍ഡ്, ജലസേചന വകുപ്പ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടായ നഷ്ടം ജില്ലാ കലക്്ടര്‍ വിശദീകരിച്ചു.
പലയിടങ്ങളിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും കലക്്ടര്‍ പറഞ്ഞു. മണ്ണിടിച്ചലില്‍ തകര്‍ന്ന വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം, ഉരുള്‍പൊട്ടലുണ്ടായി വീടുകളും കൃഷിഭൂമിയും നശിച്ച പാറക്കാമല, മണ്ണിടിച്ചിലില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന കരിക്കോട്ടക്കരി, ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മാഞ്ചോട് തുടങ്ങിയ പ്രദേശങ്ങളില്‍ കേന്ദ്രസംഘം നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമകളോടും നാട്ടുകാരോടും സംഘം നാശനഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു. ചുങ്കക്കുന്ന് പാലം പ്രദേശത്ത് പുഴയെടുത്ത കൃഷിയിടങ്ങളും നെല്ലിയോടി മലയില്‍ ഭൂമി വിണ്ടുകീറയതുമൂലം കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുമുണ്ടായ നാശനഷ്ടങ്ങളും സംഘം നേരില്‍കണ്ടു.
അമ്പായത്തോട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലും സംഘമെത്തി. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കൃഷിഭൂമി, കാര്‍ഷിക വിളകള്‍, വീടുകള്‍, റോഡുകള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെട്ട ശേഷമാണ് സംഘം വയനാട്ടിലെ പ്രളയക്കെടുതികളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി തിരിച്ചത്. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി, അസി. കലക്്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡെപ്യൂട്ടി കലക്ടര്‍(ഡിഎം) എന്‍ കെ എബ്രഹാം, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അശോകന്‍, ഷീജാ സെബാസ്റ്റ്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top