മഴക്കെടുതി: നഷ്ടം കനത്തത്

കോട്ടയം/ കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കേരളത്തില്‍ ഉണ്ടായ നാശനഷ്ടം കനത്തതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ എത്തിയപ്പോഴാണ് മഴക്കെടുതിയുടെ ആഘാതം ഇത്ര വലുതാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് 80 കോടി രൂപ അടിയന്തര സഹായം അനുവദിച്ചതായി മന്ത്രി പറഞ്ഞു. കോട്ടയത്ത് ചെങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനു 280 കോടി രൂപ ദുരിതാശ്വാസ വിഹിതമായി നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് 80 കോടി അനുവദിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനം കൂടുതല്‍ സഹായവും തുകയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശദമായ കണക്കെടുപ്പിന് ഉന്നതതല ഉദ്യോഗസ്ഥസംഘം 10 ദിവസത്തിനകം കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി, നീതി ആയോഗ്, കൃഷി, ഗതാഗതം തുടങ്ങിയ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം അനുവദിക്കുന്നതിനു നടപടിയുണ്ടാകും. ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. നാളെ മുതല്‍ കാലവര്‍ഷം കനക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ദുരന്തനിവാരണ സേനയുടെ നാലു ടീമിനെ കൂടി കേരളത്തില്‍ നിയോഗിക്കും. പ്രകൃതിക്ഷോഭം ഫലപ്രദമായി നേരിടുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചെങ്ങളത്ത് എത്തിയ കേന്ദ്രമന്ത്രി ദുരിതം നേരിട്ട് മനസ്സിലാക്കാതെ മടങ്ങിയെന്നു ചൂണ്ടിക്കാട്ടി ദുരിതാശ്വാസ ക്യാംപിലെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കേന്ദ്രമന്ത്രി ഇവിടെ തിരിച്ചെത്തി ക്യാംപിലെ അംഗങ്ങളുമായി സംസാരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രി ചെങ്ങളം ദുരിതാശ്വാസ ക്യാംപിനു പുറമേ കുമരകം ഭാഗത്തെ വെള്ളക്കെട്ട് പ്രദേശങ്ങളും സന്ദര്‍ശിച്ചു.
കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി എസ് സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ജോസ് കെ മാണി എംപി, എംഎല്‍എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കലക്ടര്‍ ഡോ. ബി എസ് തിരുമേനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി കാലവര്‍ഷക്കെടുതി സംബന്ധിച്ചു വിലയിരുത്തല്‍ നടത്തി.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് മേഖലയിലാണ് മന്ത്രി പ്രധാനമായി സന്ദര്‍ശനം നടത്തിയത്. എറണാകുളം ജില്ലയിലെ ചെല്ലാനത്ത് മന്ത്രി എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കി. നെടുമ്പാശ്ശേരി ഹോട്ടല്‍ സാജില്‍ നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. മഴക്കെടുതി നേരിടുന്നതിനായി 831 കോടി രൂപയുടെ കേന്ദ്രസഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. 55,007 ഹെക്ടര്‍ കൃഷിസ്ഥലമാണ് വെള്ളത്തിനടിയിലായത്. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.  20 ശതമാനം അധിക മഴയാണ് ഈ സീസണില്‍ കേരളത്തില്‍ ഉണ്ടായത്. 116 പേര്‍ മരിച്ചു. കനത്ത മഴയില്‍ 965 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കേന്ദ്രസംഘത്തെ അറിയിച്ചു.

RELATED STORIES

Share it
Top