മഴക്കെടുതി; കേന്ദ്രമന്ത്രി ഇന്നു സന്ദര്‍ശിക്കും

കോട്ടയം: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതിക ള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തില്‍. രാവിലെ 9.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ കിരണ്‍ റിജിജുവിന് ഒപ്പമുണ്ടാവും.
എറണാകുളത്ത് ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭമുണ്ടായ ചെല്ലാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും ആലപ്പുഴയിലെ കുട്ടനാടന്‍ മേഖലകളും സംഘം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തും. ഉച്ചയോടെ കോട്ടയത്തെത്തുന്ന സംഘം ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.
കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടം കണക്കിലെടുത്ത് കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രമന്ത്രിമാര്‍ മഴക്കെടുതികള്‍ വിലയിരുത്താന്‍ എത്തുന്നത്.
കേന്ദ്രമന്ത്രിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കേരളത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക. വിവിധ ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി 8.30ഓടെ കേന്ദ്രമന്ത്രി ഡല്‍ഹിക്ക് തിരിക്കും.
ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം ആര്‍ കെ ജെയിന്‍, കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ്കുമാര്‍ ജിന്‍ഡാല്‍, ദേശീയ ദുരന്ത പ്രതികരണ സേന ഐജി രവി ജോസഫ് ലോക്കു എന്നിവരും കേന്ദ്രമന്ത്രിമാരോടൊപ്പം ഉണ്ടാവും.

RELATED STORIES

Share it
Top