മഴക്കെടുതി, ഉരുള്‍പൊട്ടല്‍, വന്യമൃഗഭീഷണി: മലയോര നിവാസികള്‍ താമസം മാറ്റുന്നു

വടക്കഞ്ചേരി: മഴക്കെടുതിയും ഉരുള്‍പൊട്ടലും വന്യ മൃഗഭീഷണിയും കാരണം കൃഷി ഉപേക്ഷിച്ചു താഴെ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റുകയാണ് മലയോരത്ത് ജീവിക്കുന്നവര്‍. മംഗലംഡാം മലയോരങ്ങളില്‍നിന്നാണ് കൂടുതല്‍പേര്‍ താഴെയുള്ള ബന്ധുവീടുകളിലും വാടകമുറികളിലേക്കും താമസം മാറ്റുന്നത്.
മഴ തുടരുന്നതിനാല്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യത മലയോരത്തുണ്ട്. ഒറ്റപ്പെട്ട വീടുകളില്‍ നിന്നെല്ലാം ആളുകള്‍ ഒഴിഞ്ഞുപോകുകയാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വിളികേള്‍ക്കാന്‍പോലും ആളില്ലാത്തവിധമുള്ള വീടുകള്‍ അടച്ചിട്ട് ദിവസങ്ങളായി. കഴിഞ്ഞമാസമുണ്ടായ കനത്തമഴയില്‍ കടപ്പാറ മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം സംഭവിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ആളപായം വഴിമാറിയത്.
അതിവര്‍ഷമുണ്ടായ 2007ല്‍ ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ 14 വയസുള്ള വിദ്യാര്‍ഥിനി മരിച്ചിരുന്നു. ജൂലൈ 17നായിരുന്നു മലയോരത്തെ നടുക്കിയ പ്രകൃതിദുരന്തം.
പിന്നീടുള്ള മഴക്കാലങ്ങളെല്ലാം മലയോരവാസികള്‍ക്ക് ഭീതിപ്പെടുത്തുന്നതായി. രണ്ടോ മൂന്നോദിവസം തുടര്‍ച്ചയായി മഴപെയ്താല്‍ ഇവിടത്തുകാര്‍ക്ക് ആധിയേറും. കുട്ടികളുടെ പഠനം, ചികില്‍സ എല്ലാം പ്രശ്‌നമാകും. പ്രകൃതിയുടെ വികൃതിക്കൊപ്പം ആന, പുലി, കാട്ടുപന്നി, മാന്‍, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യവും മലയോരം വിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കാതെ കാഴ്ചക്കാരായി മാറുന്നതിലും മലയോരവാസികള്‍ വേദനയിലാണ്. ആയുസുമുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ വിളകളെല്ലാം ആനയിറങ്ങിയും വാനരക്കൂട്ടവും മാന്‍കൂട്ടവുമെത്തി നശിപ്പിക്കുമ്പോള്‍ നിസഹായരായി നോക്കിനില്‌ക്കേണ്ടിവരുന്ന സ്ഥിതി ദയനീയമാണ്.

RELATED STORIES

Share it
Top