മഴക്കെടുതി: അദാലത്തുകള്‍ പ്രഹസനമായതായി ആക്ഷേപം

കോഴിക്കോട്: മഴക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ വീണ്ടെടുക്കാനായി നടത്തിയ മഴക്കെടുതി അദാലത്തുകള്‍ പ്രഹസനമായതായി പരാതി. പ്രളയ ഭീതിയില്‍ നിന്ന് കരകയറി ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കാനായി നടത്തിയ സംസ്ഥാനത്തെ പ്രഥമ അദാലത്താണ് ഉദ്ദേശിച്ച രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് ഫലം കിട്ടാതെ വഴിപാടായി മാറിയതായി ആക്ഷേപം ഉയര്‍ന്നത്. മഴക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അദാലത്തുകള്‍ വീണ്ടും പഞ്ചായത്തടിസ്ഥാനത്തിലെങ്കിലും നടത്തണമെന്നാണ് രേഖകള്‍ വീണ്ടെടുക്കാന്‍ സാധിക്കാത്തവരുടെ ആവശ്യം. പ്രളയ ദുരന്തത്തിന്റെ ഇരകളാവരുടെ പ്രദേശത്തിന് അടുത്തായി അദാലത്തുകള്‍ സംഘടിപ്പിക്കാതെ കിലോമീറ്ററുകള്‍ ദുരെയുള്ള സ്ഥലങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചതാണ് പലര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാതിരുന്നത്. പലര്‍ക്കും അദാലത്തുകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ രേഖകള്‍ക്ക് അപേക്ഷിക്കാനോ വീണ്ടെടുക്കാനോ സാധിച്ചില്ല. ചില കുടുംബങ്ങള്‍ അദാലത്തുകള്‍ അറിഞ്ഞില്ല എന്ന പരാതിയും വ്യാപകമാണ്. അദാലത്തുകള്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങള്‍ക്ക് സമീപത്തായി നടത്തണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. നിലവില്‍ താലൂക്ക് ആസ്ഥാനത്തിന് സമീപത്ത് തന്നെയാണ് അദാലത്തുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ നാലു താലൂക്കുകളിലായാണ് മഴക്കെടുതി അദാലത്തുകള്‍ സംഘടിപ്പിച്ചത്. വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് എന്നീ നാല് താലൂക്ക് ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അദാലത്തുകള്‍ നടന്നത്. നാലു താലൂക്കുകളില്‍ നിന്നായി ആകെ 400ല്‍ താഴെ മാത്രം ആളുകളാണ് നഷ്ടപ്പെട്ട രേഖകള്‍ ശരിപ്പെടുത്താനായുള്ള അപേക്ഷയുമായി എത്തിയിരുന്നത്. കോഴിക്കോട് താലൂക്ക് അദാലത്ത് കോഴിക്കോട് ടൗണ്‍ഹാളിലും വടകര താലൂക്ക് അദാലത്ത് വടകര ടൗണ്‍ഹാളിലും താമരശ്ശേരി താലൂക്ക് അദാലത്ത് രാജീവ്ഗാന്ധി മെമ്മോറിയില്‍ ഓഡിറ്റോറിയത്തിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളിലുമായിരുന്നു നടത്തിയത്. ജില്ലാ ഭരണകൂടവും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായിട്ടായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്. റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്, ആരോഗ്യം വകുപ്പുകള്‍, ഇലക്ഷന്‍ ഐഡി, ആധാര്‍, മോട്ടോര്‍ വാഹന വകുപ്പ്, ബാങ്ക്, ആരോഗ്യ വകുപ്പ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, സര്‍വകലാശാല, എല്‍ഐസി, അക്ഷയ, ഇന്‍കംടാക്‌സ് വകുപ്പ് തുടങ്ങിയവയുടെ വിവിധ കൗണ്ടറുകള്‍ അദാലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അദാലത്തുകള്‍ വേണ്ടത്ര ഗുണകരമായില്ലെങ്കിലും വെള്ളപ്പൊ ദുരിതബാധിതര്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ താലൂക്ക്തല അദാലത്ത് നടത്തിയ ആദ്യത്തെ ജില്ലയാണ് കോഴിക്കോട്. അദാലത്തില്‍ ഏറ്റവും കുറവ് അപേക്ഷ ലഭിച്ച സ്ഥലം വടകരയാണ്. 12 അപേക്ഷകളായിരുന്നു ഇവിടെ നിന്ന് ലഭിച്ചത്. ഒരു ദിവസം മുഴുവന്‍ അദാലത്ത് നടത്തിയിട്ടും 12 അപേക്ഷകര്‍ മാത്രമെത്തിയത് അദാലത്ത് നടത്തിയ സ്ഥലം ദുരിതപ്രദേശത്ത് നിന്ന് ഏറെ ദൂരയായതിനാലാണെന്നാണ് പറയപ്പെടുന്നത്. വടകര നിയോജക മണ്ഡലത്തിലേക്കാള്‍ കൂടുതല്‍ ദുരിതം വിതച്ചത് കുറ്റിയാടി മണ്ഡലത്തിലായിരുന്നു. ജില്ലയില്‍ പ്രളയ ദുരന്തം കൂടുതല്‍ വിതച്ച താമരശ്ശേരി താലൂക്കില്‍ അദാലത്തിന് എത്തിയത് 100ല്‍ താഴെ പേരായിരുന്നു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കോഴിക്കോട് താലൂക്കിലാണ്. 229 പരാതികളാണ് ഇവിടെ ലഭിച്ചത്. താമരശേരി താലൂക്കില്‍ ആകെ ലഭിച്ചത് 91 അപേക്ഷകളായിരുന്നു. ഇതില്‍ 49 അപേക്ഷകളിലാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിച്ചത്. കോഴിക്കോട് താലൂക്ക് തലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇവിടെ 229 പരാതികളില്‍ 95 എണ്ണത്തില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചു.
RELATED STORIES

Share it
Top