മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല; പകര്‍ച്ചവ്യാധികള്‍ പടരുന്നുചങ്ങനാശ്ശേരി: കാലവര്‍ഷത്തിനു തുടക്കമായെങ്കിലും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായില്ല. ഇതേ തുടര്‍ന്നു നാട്ടിലെങ്ങും പകര്‍ച്ചപ്പനിയും ചെങ്കണ്ണും വ്യാപകമായി. മുന്‍കാലങ്ങളില്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പായിത്തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭയും സമീപ പഞ്ചായത്തുകളും മുന്നോട്ടു വരുമായിരുന്നു. എന്നാല്‍ ഇത്തവണ കാലവര്‍ഷം വൈകി ആരംഭിച്ചതിനെ തുടര്‍ന്നു സമയം ഏറെ ലഭിച്ചിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കാര്യമായ ഒരു മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടില്ല. മഴ ആരംഭിച്ചിട്ടു രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം  കൊതുകുകളുടെ ശല്യം വ്യാപകമായിട്ടുണ്ട്. നഗരത്തിലെമ്പാടും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നതു ഇതിനു കാരണമായി പറയുന്നുണ്ട്. വാഴൂര്‍ റോഡില്‍ ഒന്നാം നമ്പര്‍, പെരുന്ന—യിലെ രണ്ടാം നമ്പര്‍ ബസ്സ്റ്റാന്ററുകളിലും മാലിന്യങ്ങള്‍ കൂടിക്കിടന്ന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. യഥാ സമയങ്ങളില്‍ ഇവിടെ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നു സമീപത്ത കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു.മാര്‍ക്കറ്റ് റോഡിന്റെ വിവധ ഭാഗങ്ങള്‍, പൂച്ചിമുക്ക്,പട്ടത്തിമുക്ക്,വാഴൂര്‍ റോഡിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മാലിന്യങ്ങള്‍ കൂടിക്കിടപ്പുണ്ട്. ടിബി റോഡില്‍ അഗ്നിശമനസേനാ കേന്ദ്രത്തിനു സമീപം മാലിന്യം കുന്നുകൂടിയതിനാല്‍ കാല്‍നടക്കാര്‍ക്കു യാത്ര ചെയ്യാനാവാത്ത നിലയിലായിട്ടുണ്ട്്. ബൈപാസ് റോഡിന്റെ മിക്ക ഭാഗങ്ങളിലും മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുക പതിവാണ്. നഗര ശുചീകരണത്തിന് ആവശ്യമായ കണ്ടിജന്‍സി ജീവനക്കാര്‍ ഇല്ലാത്തതാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാന്‍ കാരണമായി മുന്‍കാലങ്ങളില്‍ പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കാന്‍ ഇടമില്ലാത്തതാണു കാരണമായി പറയുന്നത്. ഫാത്തിമാപുരത്തെ ഡംപിങ് യാര്‍ഡില്‍ മാലിന്യം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് അവ നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയെങ്കിലും നിക്ഷേപിക്കാന്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നു നീക്കം ചെയ്യാനാവാത്ത നിലയില്‍ അവിടെ തന്നെ കിടക്കുകയാണ്. അതേസമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപിച്ചിട്ടുണ്ട്. ഒപ്പം ചെങ്കണ്ണ് വ്യാപകമായി. മഴ ഇനിയും ശക്തമായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനു മുമ്പേ വേണ്ടത്ര ജീവനക്കാരെ നിയമിച്ച് നഗര ശുചീകരണം ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

RELATED STORIES

Share it
Top