മഴക്കാല ശുചീകരണം: ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കു മൂന്നുലക്ഷം നല്‍കും

തിരുവനന്തപുരം: മഴക്കാല സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാനുള്ള ശുചീകരണ പ്രവൃത്തികള്‍ക്കായി സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വരെ കലക്ടറുടെ റിപോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതി, മകന്‍ രതീഷ്, വളപട്ടണം മന്ന വി പി ഹൗസിലെ മുനീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. ഈ കുടുംബങ്ങള്‍ക്ക് നേരത്തെ രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നു. വൃത്തിഹീനമായ തൊഴില്‍ ചെയ്യുമ്പോള്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കു സുപ്രിംകോടതി നിര്‍ദേശപ്രകാരം 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതനുസരിച്ചാണ് ബാക്കി എട്ടു ലക്ഷം രൂപ കൂടി അനുവദിക്കുന്നത്.
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഏകീകൃത നിരക്കില്‍ വേതനം നിശ്ചയിച്ചു. 2018 ഏപ്രില്‍ ഒന്നു മുതല്‍ 50,000 രൂപ പ്രതിമാസം വേതനം നല്‍കാനാണ് തീരുമാനം.
ബാര്‍ട്ടന്‍ഹില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജുകളില്‍ അധ്യാപകരുടെ 92 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
തിരുവനന്തപുരം പാറശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളജ് അനുവദിക്കും. ഇതിനു വേണ്ടി ഒരു പ്രിന്‍സിപ്പലിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും.
കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നാലു തസ്തികകള്‍ സൃഷ്ടിക്കാനും കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 1.65 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചത് സാധൂകരിക്കും.

RELATED STORIES

Share it
Top