മഴക്കാലപൂര്‍വ ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ ശക്തമാക്കണം : മന്ത്രികാസര്‍കോട്്: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ   നേതൃത്വത്തില്‍ മുഴുവന്‍ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  മഴക്കാലപൂര്‍വ  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വാര്‍ഡ് ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവരുടെ പങ്കാളിത്തം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍  ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കും. മരുന്ന് ക്ഷാമം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ റിപോര്‍ട്ട് ചെയ്യണം.  ദേശീയാരോഗ്യ ദൗത്യം, സംസ്ഥാന ശുചിത്വമിഷന്‍ എന്നിവ 10,000 രൂപ വീതം വാര്‍ഡുകള്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.  ജനസാന്ദ്രത കൂടുലുള്ള പ്രദേശങ്ങളിലും നഗരസഭകളിലും പ്രത്യേകം ശുചീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, എഡിഎം കെ അംബുജാക്ഷന്‍, ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍, ഡിഎംഒ (ഐഎസ്എം) ഡോ. എ വി സുരേഷ്,  ഡോ. വി സുലേഖ സംസാരിച്ചു.

RELATED STORIES

Share it
Top