മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജ്ജിതമാക്കണം: കലക്ടര്‍കൊല്ലം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി മിത്ര നിര്‍ദ്ദേശിച്ചു. ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ ശുചീകരണ കാംപയിന്‍ എന്ന പേരില്‍ വിവിധ വകുപ്പുകള്‍  സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുകളില്‍ സുരക്ഷിത ശുചീകരണം നടത്തണം. പരിസര ശുചിത്വം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കലക്ടര്‍ പറഞ്ഞു. ക്ഷീര വികസനം, പൊതുമരാമത്ത്, ജലസേചനം, ജലവിഭവം തുടങ്ങിയ വകുപ്പുകളും ശുചിത്വ മിഷനും ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണം.ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍,  സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി, കുടുംബശ്രീ, നെഹ്‌റു  യുവകേന്ദ്ര, സാക്ഷരത മിഷന്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍, എസ് സി,എസ് ടി പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകളില്‍ ശുചിത്വ സന്ദേശം എത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളെയും വിവിധ വകുപ്പുകളെയും മഴക്കാല പൂര്‍വ ശുചീകരണ കാംപയിന്റെ ഭാഗമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണം. കൊതുക് പെരുകുന്നതിനുളള സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഗ്രാമപഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ഓരോ വാര്‍ഡിനും 25000 രൂപയും കൊല്ലം കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡിന് 35000 രൂപ വീതവും ചെലവഴിക്കാം. ഇതില്‍ 10000 രൂപ ശുചിത്വ മിഷനും (കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ക്ക് 20000 രൂപ), 10000 രൂപ എന്‍ ആര്‍ എച്ച് എമ്മും 5000 രൂപ തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നുമാണ് ചെലവഴിക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിച്ച് ആവശ്യമായ പരിശീലനം നടത്തണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

RELATED STORIES

Share it
Top