മഴക്കാലത്ത് കുരുത്തിച്ചാല്‍ സന്ദര്‍ശനം വിലക്കും

മണ്ണാര്‍ക്കാട്: മഴക്കാലത്ത് കുരുത്തിച്ചാല്‍ സന്ദര്‍ശനം നിര്‍ത്തിവയ്ക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. കുരുത്തിച്ചാല്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വഴുക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള സന്ദര്‍ശകരുടെ പ്രവാഹം വന്‍ അപകടത്തിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കുരുത്തിച്ചാലിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സ്ഥലം ഉടമ എന്നിവരുടെ യോഗം അടുത്ത ദിവസം ഒറ്റപ്പാലത്ത് വിളിക്കുമെന്നും അതിനു ശേഷം മഴക്കാലത്ത് സന്ദര്‍ശനം നിരോധിച്ച് ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം, പോലിസ്, റവന്യു അധികൃതരുടെ പട്രോളിങ് ശക്തമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. മഴക്കാലമായതോടെ കുരുത്തിച്ചാലിലെ ജലമൊഴുക്ക് വര്‍ധിച്ചു. ഇതോടെ അപകട കെണിയായ കുരുത്തിച്ചാലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ കുത്തൊഴുക്കും ആരംഭിച്ചു.
സൈലന്റ്‌വാലിയുടെ മറുഭാഗമായ പാത്രക്കടവില്‍ നിന്നാണ് കുരുത്തിച്ചാലിന്റെ ഉല്‍ഭവം. കുന്തിപ്പുഴയുടെ പ്രധാന കൈവഴിയായ കുരുത്തിച്ചാലിന്റെ മനോഹാര്യത നുകരാന്‍ ആയിരങ്ങളാണ് ഒഴിവു ദിവസങ്ങളില്‍ എത്തുന്നത്. പാറക്കെട്ടുകള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കുരുത്തിച്ചാല്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ചയാണ് ഒരുക്കുന്നത്. കുരുത്തിച്ചാലിന്റെ വശ്യതയുടെ പെരുമയൊക്കൊപ്പം  നിരവധി പേരുടെ ജീവന്‍ എടുത്ത ചരിത്രവും കുരുത്തിച്ചാലിനുണ്ട്. മുഴുവന്‍ പാറക്കെട്ടുകളായതിനാല്‍ തെന്നി വീഴാനുള്ള സാധ്യതയും ഏറെയാണ്.
മലയില്‍ മഴ പെയ്താല്‍ നിമിഷങ്ങള്‍ക്കകം കുരുത്തിച്ചാലില്‍ മലവെള്ള പാച്ചിലുണ്ടാവും. ഇതും അപകട സാധ്യത ഇരട്ടിയാക്കുന്നുണ്ട്.  ഇക്കഴിഞ്ഞ പെരുന്നാളിന് ആയിരത്തിലേറെ യുവാക്കളാണ് ഇവിടെ എത്തിയത്. ഒരുവിധ സുരക്ഷയും ഇവിടെയില്ല. ഏതാനും പോലിസുകാരെ നിയോഗിച്ചിരുന്നുവെങ്കിലും അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലല്ല കുരുത്തിച്ചാലിന്റെ കിടപ്പ്. കുരുത്തിച്ചാലിലിറങ്ങി സെല്‍ഫിയെടുക്കുന്നവരാണ് അധികവും. ഇതും വന്‍ അപകട സാധ്യതയാണ് വരുത്തുന്നത്. ഉയര്‍ന്ന പാറക്കെട്ടുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതാനുള്ള സാധ്യത ഏറെയാണ്.

RELATED STORIES

Share it
Top