മഴക്കാലം: അഗ്നിശമനസേനയുടെ രക്ഷാമുന്‍കരുതലുകള്‍ ഊര്‍ജിതം

പാലക്കാട്: കാലവര്‍ഷം ശക്തമായി തുടരുന്നത് കണക്കിലെടുത്ത് അഗ്നിശമനസേന രക്ഷാമുന്‍കരുതലുകള്‍ ഊര്‍ജ്ജിതമാക്കി. വേനല്‍ക്കാലത്തിനു ശേഷം പുഴകളും തോടുകളും കവിഞ്ഞൊഴുകുമ്പോള്‍ പലര്‍ക്കും നീന്തിത്തുടിക്കാന്‍ ആവേശം തോന്നും. എന്നാല്‍ ഈ ആവേശം അപകടമാകുമ്പോഴാണ് 101 എന്ന നമ്പരിലേക്ക് വിളിയെത്തുക. ഈ മഴക്കാലത്ത് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്  ലഭിച്ചത് നൂറീലേറെ ഫോണ്‍കോളുകളാണ്. മഴമൂലമുണ്ടായ അപകടങ്ങളില്‍ നിന്നും നിരവധി പേരെയാണ് സേനാംഗങ്ങള്‍ രക്ഷിച്ചത്.
അഗളിയില്‍ ഭവാനിപ്പുഴയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് തുരുത്തിലകപ്പെട്ട രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. കൂടാതെ അട്ടപ്പാടിയിലെ പാലക്കയത്തുണ്ടായ ഉരുള്‍ പൊട്ടലിലും സേന മികച്ച രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
പല അപകടങ്ങളും ആളുകളുടെ അറിവില്ലായ്മ മൂലമാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണു ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ 65 അപകടസാധ്യതാമേഖലകളുടെ പട്ടികയാണ്  അഗ്നിശമനസേന കണ്ടെത്തി നല്‍കി. ടൂറിസം വകുപ്പും ജലസേചനവകുപ്പും ഇവ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ അപകടസാധ്യതാമേഖലകളില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ ടീം രൂപവത്ക്കരിക്കുമെന്ന് അഡീഷണല്‍ ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സജ്ജരാക്കുകയും ഇവരിലൂടെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കര—ണം നടത്തുകയും ചെയ്യും. കൂടാതെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലയില്‍ മികച്ച സ്‌കൂബാ ഡൈവിങ് ടീമാണു നിലവിലുള്ളത്. പക്ഷേ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാണ്. ഡാമുകളിലും പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമായിരിക്കും. അതിനാല്‍ ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കുകയാണെങ്കില്‍ പല അപകടങ്ങളും ഒഴിവാക്കാം.

RELATED STORIES

Share it
Top