മള്‍ട്ടി ജിപി ജലനിധി പദ്ധതി: റോഡ് കീറുന്നതിന് അനുമതി

തിരൂരങ്ങാടി: പെരുമണ്ണ ക്ലാരി, തെന്നല, ഒഴൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന മള്‍ട്ടി ജിപി ജലനിധി പദ്ധതി  ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പി കെ അബ്ദുറബ് എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ പ്രവൃത്തി വിലയിരുത്തുന്നതിനായി തെന്നല ഗ്രാമപ്പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏകദേശം മൂന്ന് പഞ്ചായത്തുകളിലായി 55000 ഓളം ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാനാകും. ശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് എംഎല്‍എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ധേശം നല്‍കി.
കടലുണ്ടിപ്പുഴ പനമ്പുഴ ഭാഗത്ത് നിന്നും കോഴിച്ചെനയിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നതിന് ദേശീയപാത വഴി  പ്രധാന പൈപ്പ് കടന്ന് പോകേണ്ടതുണ്ട്. അതിനുള്ള  അനുമതി ലഭിച്ചതായി  അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ദേശീയപാത വികസനം നടക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ സൈഡിലേക്ക് മാറ്റി പൈപ്പിടുന്നതിന് ദേശീയപാത അധികൃതരും ജനനിധി, വാട്ടര്‍ അതോറിറ്റി വകുപ്പും അടുത്ത ദിവസം തന്നെ സംയുക്ത പരിശോധന നടത്തും.
മഴക്കാലമായതിനാല്‍ ഓഗസ്ത് പതിനഞ്ചോടെ മാത്രമേ ദേശീയപാത കീറുന്ന പ്രവൃത്തി ആരംഭിക്കാന്‍ കഴിയൂ. എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി  പ്രധാന പൈപ്പ് ലൈനിന്റെ പ്രവൃത്തി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും. പനമ്പുഴ ഭാഗത്ത് പമ്പ് ഹൗസിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.
തെന്നല പഞ്ചായത്തിലെ ഒരു ടാങ്ക് നിര്‍മ്മാണത്തിന് പിഎച്ച്‌സി സ്ഥലം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നത് വരെ മെയിന്‍ ടാങ്കില്‍ നിന്നും ഈ പ്രദേശത്ത് വെള്ളം പമ്പ് ചെയ്യുന്നതിനും തീരുമാനിച്ചു. വീടുകളിലേക്കുള്ള കണക്ഷനുകളുടെയും മറ്റും പ്രവൃത്തി ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ളവ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ജലനിധി അധികൃതര്‍ അറിയിച്ചു.
60 കോടി രൂപ ചെലവില്‍ നിര്‍മ്മാണം തുടങ്ങിയ ജലനിധി പദ്ധതി ധൃുതഗതിയിലാണ് പുരോഗമിച്ചിരുന്നത്. അതിനിടക്ക് ദേശീയപാതയുടെ അനുമതിയുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് സി കെ എ റസാഖ്, തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്‌ക്കര്‍ കോറാട് പങ്കെടുത്തു.

RELATED STORIES

Share it
Top