മല്‍സ്യ സമ്പത്ത് സംരക്ഷിക്കാന്‍ നിയമ ഭേദഗതി : മന്ത്രിതിരുവനന്തപുരം: മല്‍സ്യസമ്പത്ത് സംരക്ഷിക്കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. മല്‍സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, മല്‍സ്യത്തൊഴിലാളി ക്ഷേമം എന്നിവയടക്കം സമഗ്ര ലക്ഷ്യത്തോടെയാണ് പുതിയ ബില്ലും നിലവിലെ മൂന്നു നിയമങ്ങളില്‍ ഭേദഗതിയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും ചര്‍ച്ചകള്‍ നടത്തുകയും തൊഴിലാളികളുടെയും ബോട്ടുടമകളുടെയും അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറുമല്‍സ്യങ്ങളെ വളം നിര്‍മാണമടക്കമുള്ള ആവശ്യങ്ങള്‍ക്ക് പിടികൂടി കയറ്റിയയക്കുന്ന പ്രവണത തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. നിലവില്‍ 14 ഇനം ചെറുമല്‍സ്യങ്ങളെ പിടിക്കരുതെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, 44 ഇനം ചെറുമല്‍സ്യങ്ങളെ കൂടി പിടിക്കരുതെന്ന് വ്യവസ്ഥകളോടെ ഉത്തരവിറക്കും. കൊല്ലത്ത് ഇത്തരം അനധികൃത മീന്‍പിടിത്തം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു ലക്ഷം രൂപ വരെ ബോട്ടുകള്‍ക്ക് പിഴയിട്ടതായും മന്ത്രി പറഞ്ഞു. ശാസ്ത്രീയ മല്‍സ്യബന്ധനം ഉറപ്പുവരുത്തുന്നതിനു ഫിഷറീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ് എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മല്‍സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിക്കുള്ള കേന്ദ്രവിഹിതം കിട്ടാത്തതിനെത്തുടര്‍ന്ന് കുടിശ്ശികയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top